മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയുമായി നിലന്പൂർ നഗരസഭ
1282290
Wednesday, March 29, 2023 11:45 PM IST
നിലന്പൂർ: മാലിന്യം വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടികളുമായി നിലന്പൂർ നഗരസഭ. മാലിന്യം ഹരിത കർമ സേനയ്ക്ക് കൈമാറാതെ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുക, കത്തിക്കുക, പൊതുസംവിധാനത്തിലേക്ക് സ്ഥാപനങ്ങളിലെയും വീടുകളിലെയും മലിനജലം ഒഴുക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരീക്ഷിക്കുന്നതിനും അവർക്കെതിരേ കേരള മുൻസിപ്പൽ ആക്ട് പ്രകാരം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുവാനുമാണ് നഗരസഭാതല ജാഗ്രത സമിതിയുടെ തീരുമാനം.
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നഗരസഭ തലത്തിൽ സമയബന്ധിതമായി നടപ്പാക്കേണ്ട വിവിധ പ്രവർത്തനങ്ങളെ സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. നഗരസഭയിലെ മുഴുവൻ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഹരിത കർമസേനയ്ക്ക് അജൈവമാലിന്യങ്ങൾ കൈമാറുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനു പരിശോധന നടത്തും. ഉറവിട ജൈവമാലിന്യ സംസ്കരണ സംവിധാനം നടപ്പാക്കുന്നതിനു വിതരണം ചെയ്ത ബയോ ബിന്നുകൾ കൈപ്പറ്റിയിട്ടും ഉപയോഗിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനുള്ള പരിശോധനയും വാർഡ് കൗണ്സിൽമാരുടെ നേതൃത്വത്തിൽ നടത്തും.
മാലിന്യം പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിനു മുനിസിപ്പൽ തലത്തിലും വാർഡുതലത്തിലും നിരീക്ഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
നിരോധിത വിഭാഗത്തിൽ ഉൾപ്പെടുന്ന ഡിസ്പോസബിൾ ഉത്പ്പന്നങ്ങളും പ്ലാസ്റ്റിക് കവറുകളും വിൽപ്പന നടത്തുന്നവരെ കണ്ടെത്തുന്നതിനു രൂപീകരിച്ച ജില്ലാ പരിശോധന സംഘത്തോടൊപ്പം നഗരസഭ ആരോഗ്യ വിഭാഗവും പരിശോധന നടത്തുമെന്നു നഗരസഭാ സെക്രട്ടറി അറിയിച്ചു. യോഗത്തിൽ നഗരസഭാധ്യക്ഷൻ മാട്ടുമ്മൽ സലീം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ കക്കാടൻ റഹീം, ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജും, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. ഷമീർ, മെഡിക്കൽ ഓഫീസറായ ഡോക്ടർ ഷിനാസ് എന്നിവർ സംസാരിച്ചു.