തിരുമാന്ധാംകുന്ന് പൂരം കൊടിയേറ്റം ഇന്ന്
1282288
Wednesday, March 29, 2023 11:45 PM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരാഘോഷം കൊടിയേറ്റം ഇന്നു നടക്കും. മറ്റു ക്ഷേത്രാഘോഷങ്ങളിൽ നിന്നു വിഭിന്നമായി തിരുമാന്ധാംകുന്നിൽ മൂന്നാം പൂര ദിനത്തിൽ വൈകീട്ടാണ് ഉത്സവ കൊടിയേറ്റം.വൈകുന്നേരം ഏഴിനു ഭഗവതിക്ക് വടക്കേ നടയിലും ശിവന് കിഴക്കേ നടയിലുമുള്ള സ്വർണ കൊടിമരങ്ങളിലാണ് കൊടിയേറ്റം.
ഇവിടെ പടഹാദി, ധ്വജാദി എന്നീ പൂര ചടങ്ങുകളും അങ്കുരാദി എന്ന ഉത്സവ ചടങ്ങുമാണ്. ഒന്നു മുതൽ മൂന്നുവരെയുള്ള ദിവസങ്ങളിൽ പടഹാദി മുറയിലും മൂന്നാം പൂര ദിവസം ദീപാരാധനക്ക് ശേഷം കൊടിയേറ്റത്തോടെ ധ്വജാദി മുറയിലും നാലാം പൂര ദിവസം സന്ധ്യക്ക് നവധാന്യങ്ങൾ മുളയിടുന്നത് മുതൽ അങ്കുരാദിമുറയിലുമാണ് കർമങ്ങൾ.ഇന്നു രാവിലെ എട്ടിനു നങ്ങ്യാർകൂത്ത്, 8.30നു പന്തീരടിപൂജ, 9.30നു കൊട്ടിയിറക്കം. ഉച്ചക്കുശേഷം മൂന്നിനു ചാക്യാർകൂത്ത്, വൈകുന്നേരം നാലിനു ഓട്ടൻതുള്ളൽ, അഞ്ചിനു നാദസ്വരം, പാഠകം. വൈകീട്ട് ഏഴിനു ഉത്സവകൊടിയേറ്റം. തായന്പക (മാസ്റ്റർ അതുൽ, മാസ്റ്റർ അർജുൻ), തുടർന്ന് കേളി, കൊന്പ്പറ്റ്. രാത്രി എട്ടിനു ശ്രീഭൂതബലി. 9.30നു കൊട്ടിയിറക്കം. രാത്രി പത്തിനു പൂരപ്പറന്പ് ഓപ്പണ്‍ ഓഡിറ്റോറിയത്തിൽ നാടൻപാട്ട് (പ്രണവം ശശിയും സംഘവും).