വഴിയോര പാനീയ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന
1281915
Tuesday, March 28, 2023 11:41 PM IST
മഞ്ചേരി: നഗരത്തിൽ രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന വഴിയോര പാനീയ വിൽപ്പന കേന്ദ്രങ്ങളിൽ നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. റംസാൻ നാളിൽ വ്യാപകമായി കണ്ടുവരുന്ന ഇത്തരം കേന്ദ്രങ്ങളിൽ അനാരോഗ്യകരമായ സാഹചര്യങ്ങളിലാണ് വിവിധതരം സോഡകളും ഉപ്പിലിട്ടതും വിൽപ്പന നടത്തുന്നത്്.
മഞ്ചേരി നഗരസഭാധ്യക്ഷ വി.എം സുബൈദ, സെക്രട്ടറി എച്ച്.സിമി എന്നിവരുടെ നിർദേശ പ്രകാരമായിരുന്നു റെയ്ഡ്. മഞ്ചേരി ഗേൾസ് സ്കൂളിനു സമീപം, തുറക്കൽ, കിഴക്കേത്തല എന്നിവിടങ്ങളിലായി 13 ഇടത്താണ് പരിശോധന നടത്തിയത്. രാത്രി 8.30ന് ആരംഭിച്ച പരിശോധന 11 വരെ നീണ്ടു. മാങ്ങ, പൈനാപ്പിൾ തുടങ്ങിയവ ഉപ്പിലിട്ടും മസാലകൾ ചേർത്തുമാണ് വിൽപ്പന നടത്തുന്നത്. ഇതിനു പുറമെ വിവിധതരം മസാല സോഡകളും വിൽക്കുന്നു.
ഇവ വൃത്തി ഹീനമായി സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്നും പേപ്പർ ഗ്ലാസുകളും പ്ലാസ്റ്റിക് വസ്തുക്കളും മറ്റും ഒഴിവാക്കമെന്നും കർശന നിർദേശം നൽകി. ഐസ് പാക്കറ്റുകൾ സുരക്ഷിത സ്ഥലത്ത് നിന്നാണോ എത്തിക്കുന്നതെന്നും സംഘം പരിശോധിച്ചു.
മസാല ചേർത്ത മാങ്ങകളും മറ്റും മൂടിവയ്ക്കാനും നിർദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും വൃത്തിഹീനമായ സാഹചര്യവും കണ്ടെത്തിയാൽ പിഴ ഈടാക്കുമെന്നും ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൾഖാദർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സി.എസ് ബിജു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ സി. നസ്റുദീൻ, ഡ്രൈവർ ജയേഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.