നിലന്പൂർ: ആഢ്യൻപാറ ചെറുകിട ജലവൈദ്യുത നിലയത്തിൽ വൈദ്യുതി ഉത്പാദനത്തിനായി ജലം തടഞ്ഞുവച്ചുവെന്ന വാർത്ത നിഷേധിച്ച് കെഎസ്ഇബി അധികൃതർ. കാഞ്ഞിരപ്പുഴ വറ്റിവരണ്ടതാണ് കടുത്ത ജലക്ഷാമത്തിന് കാരണമെന്ന് ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എക്സിക്യുട്ടിവ് എൻജിനീയർ ഗണദീപൻ പറഞ്ഞു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ മാർച്ച് 17 ന് വൈദ്യുതി ഉത്പാദനം നിറുത്തിവച്ചിട്ടുണ്ട്.
എന്നാൽ വൈദ്യുതി ഉത്പാദനത്തിനായി വെള്ളം തടഞ്ഞു നിറുത്തിയിട്ടില്ല. കാഞ്ഞിരപ്പുഴയിൽ നീരൊഴുക്ക്് നിലച്ച അവസ്ഥയിലാണ്. അതിനാൽ തടഞ്ഞു നിറുത്തി വെള്ളം ശേഖരിക്കാനുള്ള സാഹചര്യവും നിലവിലില്ല. ടണൽ വഴി നിലയത്തിലേക്ക് എത്തിക്കുന്ന ജലം വൈദ്യുതി ഉത്പാദനത്തിന് ശേഷം പുഴയിലേക്ക് തന്നെ തുറന്നു വിടുന്ന സംവിധാനമാണുള്ളത്. അതിനാൽ തന്നെ ഇതു പുഴയുടെ നീരൊഴുക്കിനെ ബാധിക്കില്ല. ചെറുകിട ജലവൈദ്യുതി പദ്ധതിയിലേക്ക് വെള്ളം എത്തിക്കുന്ന മായംപള്ളിയിലെ ടണലിന് മുകളിലുള്ള കാഞ്ഞിരപ്പുഴയുടെ ഭാഗവും വറ്റിവരണ്ടിട്ടുണ്ട്. കാഞ്ഞിരപ്പുഴയിൽ ജലവിതാനം ഏറ്റവും താഴ്ന്ന അവസ്ഥയിലാണ്. കാഞ്ഞിരപ്പുഴയിൽ വൈദ്യുതി ഉത്പാദനത്തിന്റെ പേരിൽ വെള്ളം തടഞ്ഞു നിറുത്തിയിരിക്കുന്നതായി ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.