സ്വർണാഭരണം വൃത്തിയാക്കുന്നതിന്റെ മറവിൽ തട്ടിപ്പ് ; ബീഹാർ സ്വദേശി പിടിയിൽ
1281025
Sunday, March 26, 2023 12:07 AM IST
എടക്കര: സ്വർണാഭരണം വൃത്തിയാക്കുന്നതിന്റെ മറവിൽ തട്ടിപ്പ് നടത്തിയ ബീഹാർ സ്വദേശി എടക്കര പോലീസിന്റെ പിടിയിലായി. ബീഹാർ റാണിഗഞ്ച് സ്വദേശി ഡൊമാകുമാർ (27)ആണ് പിടിയിലായത്.
മൂത്തേടം കൽക്കുളം സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. വെള്ളിയാഴ്ച വൈകിട്ട് യുവതിയുടെ വീട്ടിലെത്തിയ ഡൊമാകുമാർ ആഭരണങ്ങൾ വൃത്തിയാക്കി നൽകാമെന്നു ഇവരെ അറിയിച്ചു. സ്വർണമാല വൃത്തിയാക്കും മുന്പു വെള്ളി പാദസരവും വിളക്കുകളും വൃത്തിയാക്കി നൽകി ഇയാൾ വീട്ടുകാരുടെ വിശ്വാസം പിടിച്ചുപറ്റി. തുടർന്നു മൂന്നു പവൻ വരുന്ന സ്വർണമാല വൃത്തിയാക്കാനായി യുവതി ഇയാൾക്കു നൽകി.
സ്വർണമാല രാസലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയ ശേഷം തൂക്കം കറഞ്ഞതായി യുതിക്ക് മനസിലായി. വെള്ളി പാദസരം കഴുകാനുപയോഗിച്ച ലായനി ആയിരുന്നില്ല സ്വർണം കഴുകാൻ ഇയാൾ ഉപയോഗിച്ചത്.
മാലയുടെ തൂക്കം കുറഞ്ഞതോടെ യുവതി ആളുകളെ കൂട്ടി ഡൊമാകുമാറിനെ തടഞ്ഞുവയ്ക്കുകയും എടക്കര പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. എടക്കര സിഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി സർണമാല ലയിപ്പിച്ച ദ്രാവകവും ഇയാളെയും കസ്റ്റഡിയിലെടുത്തു.
സ്റ്റേഷനിലെത്തിച്ച് ലായനി പരിശോധിച്ചപ്പോൾ അതിൽ സ്വർണം കണ്ടൈത്തുകയും ചെയ്തു. എസ്ഐ കെ. അബൂബക്കർ, എഎസ്ഐ അബ്ദുൾ മുജീബ്, സീനിയർ സിപിഒമാരായ മുജീബ്, ശ്രീജ, രതീഷ്, സിപിഒമാരായ സാബിർ അലി, ഷഫീഖ്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.