ഖത്തറിൽ കെട്ടിടം തകർന്നു മരിച്ചവരിൽ നിലന്പൂർ സ്വദേശിയും
1280841
Saturday, March 25, 2023 10:36 PM IST
നിലന്പൂർ: ഖത്തറിലെ അൽ മൻസൂറ ഏരിയയിൽ കഴിഞ്ഞ ദിവസം കെട്ടിടം തകർന്നു മരിച്ചവരിൽ മലയാളിയും. മലപ്പുറം ജില്ലയിലെ നിലന്പൂർ സ്വദേശി ഫൈസൽ കുപ്പായി(39)യാണ് മരിച്ചത്.
ബി റിംഗ് റോഡിലെ ലുലു എക്സ്പ്രസിന് പിൻവശമുള്ള പഴകിയ കെട്ടിടമാണ് തകർന്നുവീണത്. അപകടത്തിൽ ഏഴോളം പേർക്കു പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. വിവരം അറിഞ്ഞ ഉടൻ ഖത്തർ ആഭ്യന്തര മന്ത്രാലയം സിവിൽ ഡിഫൻസ്, ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങളുമായി രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചിരുന്നു.
നിലന്പൂരിലെ അബ്ദുസമദിന്റെയും ഖദീജയുടെയും മകനാണ് ഫൈസൽ. റബീനയാണ് ഭാര്യ. മക്കൾ: റന, നദയ, മുഹമ്മദ് ഫാബിൻ. മരിച്ച ഫൈസൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. പത്തുവർഷത്തോളം ജിദ്ദയിൽ പ്രവാസിയായിരുന്നു. നാലുവർഷം മുന്പാണ് ദോഹയിലെത്തിയത്. ദോഹയിലെ നിരവധി സാംസ്കാരിക പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു ഫൈസൽ.