വിഎഫ്പിസികെയിലൂടെ ‘തളിർ’ക്കുന്നു കർഷകരുടെ സ്വപ്നങ്ങൾ
1280702
Saturday, March 25, 2023 12:35 AM IST
മലപ്പുറം: എക്കാലത്തും കർഷകർക്ക് പറയാനുണ്ടായിരുന്ന കൃഷിയിലെ നഷ്ടക്കണക്കുകളും ഇടനിലക്കാരുടെ ചൂഷണവും ഇനി പഴങ്കഥയാവുകയാണ്. മലപ്പുറം ജില്ലയിലെ കർഷകർക്ക് കൃത്യമായ വിപണി കണ്ടെത്തുന്നതിനും മികച്ച വില ലഭിക്കുന്നതിനും കൂട്ടാവുകയാണ് കൃഷിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗണ്സിൽ കേരളം. (വിഎഫ്പിസികെ). ഗുണമേൻമയുള്ള പഴങ്ങളും പച്ചക്കറികളും കൃഷിയിടത്തിൽ നിന്നു നേരിട്ട് സംഭരിച്ച് കഴുകി വൃത്തിയാക്കി ശാസ്ത്രീയമായി സംസ്കരിച്ച് ‘തളിർ’ എന്ന ബ്രാൻഡിലൂടെ സ്വദേശത്തും വിദേശത്തുമുള്ള വിപണികളിൽ ഇവർ എത്തിക്കുന്നു.
ജില്ലയിലെ വാഴക്കർഷകരിൽ നിന്നു ശേഖരിക്കുന്ന ഏത്തക്കുലകൾക്കും മികച്ച വിപണി കണ്ടെത്താൻ വിഎഫ്പിസി മലപ്പുറത്തിന് സാധിക്കുന്നു.ഇപ്പോൾ ഇടനിലക്കാരില്ലാതെ വാഴക്കുലകൾ നേരിട്ട് വിപണിയിൽ എത്തിക്കുകയാണ് കർഷകർ. വിഎഫ്പിസികെയുടെ നേതൃത്വത്തിലാണ് ‘തളിർ’ എന്ന ബ്രാൻഡിൽ സംസ്ഥാനത്തെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലേക്ക് വാഴക്കുലകൾ എത്തിക്കുന്നത്. കർഷക സ്വാശ്രയ സംഘങ്ങളും അതിലെ കർഷകസമിതികളും ഉത്പാദിപ്പിക്കുന്ന ഏത്തക്കുലകൾക്ക് മികച്ച വിപണിയും കയറ്റുമതിയും കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നുണ്ട്.
ഒതായി, മങ്കട, ചുങ്കത്തറ, അത്താണിക്കൽ, മൂത്തേടം, പാണ്ടിക്കാട് തുടങ്ങിയ സ്വാശ്രയ കർഷക സംഘങ്ങളിലെ കർഷകർ ഉത്പാദിപ്പിക്കുന്ന വാഴക്കുലകൾ തോട്ടങ്ങളിൽ നേരിട്ട് എത്തി ശേഖരിച്ചാണ് ‘തളിർ’ ബ്രാൻഡിന് കീഴിൽ വിപണനം നടത്തുന്നത്. മൊത്തക്കച്ചവടക്കാർക്ക് നേരിട്ട് കൊടുക്കുന്പോൾ വാഴക്കുലയുടെ തണ്ട് ഒന്നര കിലോ കുറയ്ക്കുന്നു. ഇവിടെ തണ്ടിന്റെ യഥാർഥ തൂക്കം മാത്രമാണ് കുറക്കുന്നത്. ഇതുവഴി അരക്കിലോയോളം അധികം തൂക്കം കർഷകർക്ക് വാഴപ്പഴത്തിൽ ലഭിക്കുന്നു. കഴുകി വൃത്തിയാക്കുന്നതിനു വിഎഫ്പിസി അധികമായി കർഷകർക്ക് മൂന്നു രൂപ വച്ച് നൽകുന്നു.
തോട്ടത്തിൽ നിന്നു നേരിട്ട് വഴക്കുലകൾ ശേഖരിക്കുന്നതിനാൽ കച്ചവടക്കാർക്ക് കൊണ്ടുപോയി കൊടുക്കുന്നതിനുള്ള വണ്ടിക്കൂലി ലാഭിക്കാം. കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നു. താങ്ങുവില രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് സർക്കാർ നിശ്ചയിക്കുന്ന പ്രകാരമുള്ള താങ്ങുവില ഉറപ്പുവരുത്തിയാണ് വിഎഫ്പിസികെ വാഴക്കുലകൾ ശേഖരിക്കുന്നത്.ഇടനിലക്കാരുടെ ചൂഷണമില്ലാതെ തങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താൻ കഴിയുന്നതിൽ ആശ്വാസം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ കർഷകർ. ജില്ലയിലെ മുഴുവൻ കർഷകരുടെയും പഴം, പച്ചക്കറി ഉത്പന്നങ്ങൾ ശേഖരിക്കാനും അത് വിപണിയിൽ എത്തിക്കാനും കർഷകർക്കാവശ്യമായ നൂതന കൃഷി രീതികൾ പരിശീലിപ്പിച്ച് ഉത്പന്നങ്ങളെ ബ്രാൻഡ് ചെയ്ത് വിപണി കണ്ടെത്തുക എന്നതുമാണ് വരുംകാല ലക്ഷ്യമെന്ന് വിഎഫ്പിസികെ ജില്ലാ മാനേജർ അനിൽകുമാർ പറഞ്ഞു.