ജില്ലയിലെ ബാങ്കുകളിൽ 49865.75 കോടിയുടെ നിക്ഷേപം; പ്രവാസി നിക്ഷേപത്തിൽ വർധനവ്
1280385
Thursday, March 23, 2023 11:52 PM IST
മലപ്പുറം: ജില്ലയിലെ ബാങ്കുകളിൽ ഡിസംബർ പാദത്തിൽ 49865.74 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിൽ (സെപ്റ്റംബർ) ഇത് 49038.74 കോടിയായിരുന്നു. പ്രവാസി നിക്ഷേപത്തിലും വർധവുണ്ടായിട്ടുണ്ട്. 15478.64 കോടി രൂപയാണ് ഡിസംബർ പാദത്തിലെ പ്രവാസി നിക്ഷേപം. കഴിഞ്ഞ പാദത്തിൽ (സെപ്റ്റംബർ) 14042.81 കോടി രൂപയായിരുന്നു പ്രവാസി നിക്ഷേപം.
ജില്ലയിലെ മൊത്തം വായ്പകൾ 31933.32 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുന്പോൾ ഇതിൽ 475.5 കോടി രൂപയുടെ വർധനവ് ഉണ്ടായി. കഴിഞ്ഞ പാദത്തിൽ 31457.82 കോടിയായിരുന്നു വായ്പ. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 64.04 ശതമാനമാണ്. കെ.ജി.ബി 79.48 ശതമാനം, കാനറാബാങ്ക് 70.61 ശതമാനം, എസ്.ബി.ഐ 37.77 ശതമാനം, ഫെഡറൽ ബാങ്ക് 28.41 ശതമാനം, സൗത്ത് ഇന്ത്യൻ ബാങ്ക് 42.19 ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതൽ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിൽ കുറവുള്ള ബാങ്കുകൾ റേഷ്യേ 60 ശതമാനത്തിൽ മുകളിൽ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരം ഈ സാന്പത്തിക വർഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 83 ശതമാനമാണ്.
16700 കോടി രൂപ എന്ന ലക്ഷ്യത്തെ മുൻനിർത്തി 13879 കോടി രൂപയുടെ വായ്പകൾ നൽകി. വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരമുള്ള മുൻഗണനാ മേഖലയിലെ നേട്ടം 86 ശതമാനമാണ്. മുൻഗണനാ വിഭാഗത്തിൽ 9597 കോടി രൂപയാണ് വിവിധ ബാങ്കുകൾ വായ്പയായി നൽകിയത്.മറ്റു വിഭാഗങ്ങളിൽ 4282 കോടി രൂപയുടെ വായ്പകളും നൽകി. കാർഷിക മേഖലയിൽ 6463 കോടിയും ചെറുകിട വ്യവസായങ്ങൾക്കായി 2136 കോടിയും മറ്റു മുൻഗണനാ മേഖലയിൽ 9966 കോടിയും വായ്പയായി നൽകിയിട്ടുണ്ട്. പട്ടിക വർഗക്കാർക്കായി 1503 കോടിയും ഇക്കാലയളവിൽ നൽകിയതായി സമിതി വിലയിരുത്തി.
ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് മിനി കോണ്ഫ്രൻസ് ഹാളിൽ നടന്ന യോഗം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. 202324 സാന്പത്തീക വർഷത്തേക്കുള്ള വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാശനവും ജില്ലാ കലക്ടർ നിർവഹിച്ചു.