മലയോരത്ത് വരൾച്ച കടുത്തു: നാണ്യവിളകൾ കരിഞ്ഞുണങ്ങുന്നു
1280383
Thursday, March 23, 2023 11:51 PM IST
കരുവാരകുണ്ട്: കടുത്ത വരൾച്ചയിൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാന്പു, കൊക്കോ കമുക്, തെങ്ങ് തുടങ്ങി നാണ്യവിളകൾ ഒന്നടങ്കം നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മഴ കനിയാത്തതാണ് കാർഷിക വിളകൾ വരൾച്ചയുടെ പിടിയിലമർന്നത്.
കൃഷിയിടങ്ങളിൽ ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും ഫെബ്രുവരി മാസം തുടക്കത്തിലേ വെള്ളം വറ്റിയ നിലയിലാണന്നും അരനൂറ്റാണ്ടിനിപ്പുറം ഇത്രയും ഭീകരമായ വരൾച്ച മലയോരത്തനുഭവപ്പെട്ടതായി ഓർമയിലില്ലെന്നും തലമുതിർന്ന ആളുകൾ പറയുന്നു. ഈ സീസണിൽ ജാതി, ഗ്രാന്പു, കൊക്കോ, തുടങ്ങിയവയിൽ ഉല്പാദനം നാലിലൊന്നായി ചുരുങ്ങിയെന്നും കർഷകർ പറയുന്നു. വേനലിൽ ജലസേചനം നടത്തിവന്നിരുന്ന കൃഷിയിടങ്ങളെയാണ് വരൾച്ച സാരമായി ബാധിച്ചത്. പുഴകളും കിണറുകളും കുളങ്ങളും ഉൾപ്പെടെ ജലസ്രോതസുകളെല്ലാം തന്നെ വറ്റിവരണ്ടു തുടങ്ങിയതോടെ മേഖലയിൽ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. വരാനിരിക്കുന്ന മൂന്നു മാസത്തെ കടുത്ത വരൾച്ചയെ പ്രതിരോധിക്കാനുള്ള തീവ്രശ്രമമാണ് കർഷകർ നടത്തിവരുന്നത്.