സ്പർശം പദ്ധതി വൻ വിജയം: എഇഒ
1280376
Thursday, March 23, 2023 11:51 PM IST
പെരിന്തൽമണ്ണ: കോവിഡ് അടച്ച് പൂട്ടൽ മൂലം നഷ്ടപ്പെട്ട രണ്ട് വർഷത്തെ പഠന വിടവ് നികത്താൻ കൊണ്ടുവന്ന ‘സ്പർശം’ പദ്ധതി വന്പിച്ച നേട്ടമുണ്ടാക്കിയതായി പെരിന്തൽമണ്ണ സബ് ജില്ലാവിദ്യാഭ്യാസ അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ സബ് ജില്ല തലത്തിൽ അധ്യാപക സംഘടനകളും, ഹെഡ് മാസ്റ്റേഴ്സ് ഫോറവും രക്ഷാകർത്താക്കളുടേയും സഹകരണത്തോടെയാണ് ‘സ്പർശം’ എന്ന പേരിൽ പ്രത്യേക പരിശീലനം ഒരുക്കിയത്.രണ്ട് മുതൽ ഏഴ് വരെ ക്ലാസുകാരെ ലക്ഷം വെച്ചാണ് പരിപാടി നടപ്പാക്കിയത്.
സബ് ജില്ലയിലെ 67 സർക്കാർ എയ്ഡഡ് സ്കൂളുകളിൽ കഴിഞ്ഞ ജൂണിൽ നടത്തിയ പ്രീ ടെസ്റ്റിൽ ആകെയുള്ള 19,277 വിദ്യാർഥികളിൽ 4040 പേർക്കും പഠനവിടവുകൾ ബോധ്യപ്പെട്ടിരുന്നു. ഇവർക്ക് മലയാളം ഗണിതം, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിൽ അടിസ്ഥാന പഠന പിന്തുണ നൽകുകയായിരുന്നു സ്പർശത്തിന്റെ ലക്ഷ്യം. ഇതിനായി ഓരോ വിഷയത്തിലും, പ്രത്യേക മൊഡ്യൂൾ തയാറാക്കി. പിന്നാക്കം നിൽക്കുന്ന ഓരോ കുട്ടിക്കും വ്യക്തിപരമായ ശ്രദ്ധ നൽകി രക്ഷിതാക്കൾ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ. മുതിർന്ന ക്ലാസിലെ കുട്ടികൾ, സ്കൗട്ട്, ഗൈഡ്, ജൂണിയർ റെഡ് ക്രോസ് എന്നിവരുടെ പിന്തുണയോടെ പ്രത്യേക സമയം നിശ്ചയിച്ച് പരിശീലനം നൽകി.കഴിഞ്ഞ ജൂണ് മുതൽ ഫെബ്രുവരി അവസാനം വരെയായിരുന്നു ഇതിന്റെ ഒന്നാംഘട്ടം. പരിശീലനാന്തരം ഡിസംബറിൽ നടത്തിയ ആദ്യ പരീക്ഷയിൽ മലയാള ഭാഷയിൽ 90 ശതമാനം പേരും എ ഗ്രേഡ് നേടി. ഫെബ്രുവരി അവസാനം നടത്തിയ പരീക്ഷയിൽ എൽപി വിഭാഗത്തിൽ ഗണിതത്തിൽ 91 ശനമാനവും, ഇംഗ്ലീഷിൽ 90 ശതമാനവും എ, ബി ഗ്രേഡുകൾ കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ ഗണിതത്തിൽ 88, ഇംഗ്ലീഷിൽ 77, ഹിന്ദിയിൽ 72 ശതമാനം പേരും എ, ബി ഗ്രേഡുകൾ നേടിയതായും പറഞ്ഞു. സാധാരണ പഠനസമയത്തിന് പുറത്ത്, സ്കൂൾ ആരംഭിക്കുന്നതിന് മുന്പും, ഉച്ചഭക്ഷണ ഒഴിവിലും അവധി ദിവസങ്ങളിലും വീടുകളിലെത്തിയും അവശ്യപഠനപിന്തുണ ലഭ്യമാക്കുകയായിരുന്നു. പഠന വിടവ് ഇല്ലാതാക്കി, പിന്നാക്കം നിന്നവരെ മറ്റുള്ളവർക്ക് ഒപ്പം എത്തിച്ച സ്പർശം പദ്ധതി പൂർത്തികരിച്ചതിന്റെ പ്രഖ്യാപനവും, സബ് ജില്ലയിലെ അധ്യാപകരുടെ സംഗമവും നാളെ രാവിലെ 10ന് പുലാമന്തോൾ തിരുനാരായണപുരം എഎംഎൽപി സ്കൂളിൽ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
വാർത്തസമ്മേളനത്തിൽ എഇഒ കെ.സ്രാജുട്ടി, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി കെ.അബ്ദുൽ അസീസ്, അധ്യാപക സംഘടന നേതാക്കളായ കെ.ബീരാപ്പു, കെ.കെ.ജാഫർ എന്നിവർ സംബന്ധിച്ചു.