പുള്ളിമാൻ വേട്ട: പ്രതി അറസ്റ്റിൽ, ഒരാൾ ഓടി രക്ഷപ്പെട്ടു
1280375
Thursday, March 23, 2023 11:51 PM IST
നിലന്പൂർ: പുള്ളിമാനെ വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയിൽ ഒരാളെ വനപാലകർ അറസ്റ്റ് ചെയ്തു. കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. ചുങ്കത്തറ ചെന്പൻകൊല്ലി സ്വദേശി കണ്ടഞ്ചിറ അയൂബ്(28)നെയാണ് നിലന്പൂർ വനം റേഞ്ച് ഓഫീസർ കെ.ജി.അൻവറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിക്കൊപ്പമുണ്ടായിരുന്ന മുജീബ് എന്ന ചെറുമുത്താണ് ഓടി രക്ഷപ്പെട്ടത്. വേട്ടക്ക് ഉപയോഗിച്ച ലൈസൻസ് ഇല്ലാത്ത നാടൻ തോക്ക്, വെടിയുണ്ട, ബൈക്ക് എന്നിവയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് ഇലക്ട്രോണിക്ക് ത്രാസുകൾ, നാലു കത്തികൾ, രണ്ട് ഹെഡ് ലൈറ്റ്, ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്ന ഉപകരണം എന്നിവയും പ്രതിയുടെ ബാഗിൽ നിന്നും കണ്ടെടുത്തു.
നിലന്പൂർ റെയ്ഞ്ചിലെ കാഞ്ഞിരംപുഴ സ്റ്റേഷൻ പരിധിയിൽപ്പെട്ട് കാനകുത്ത് വനമേഖലയിലെ വൈലാശ്ശേരി ഭാഗത്ത് രണ്ട് പേർ ബൈക്കിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് റെയ്ഞ്ച് ഓഫീസർ ട്രെയിനി മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ കെ.ഗിരിഷൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പുള്ളിമാനെ വേട്ടയാടിയ ശേഷം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ബൈക്കിന്റെ പുറകിൽ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ വനപാലകർ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ പ്രതിക്കൊപ്പം ബൈക്കിന്റെ പിറകിലിരുന്ന മുജീബ് ഓടി രക്ഷപ്പെട്ടു. പുള്ളിമാനിന്റെ പുറഭാഗത്ത് ഉൾപ്പെടെ വെടിയേറ്റ പാടുകൾ ഉണ്ട്. പുള്ളിമാന്റ കഴുത്ത് അറത്തശേഷം വയർകീറി ആന്തരാവയവങ്ങൾ പുറത്തെടുത്ത നിലയിലായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാഹസികമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. അയൂബും മുജീബും മേലെയിലെ പ്രധാന വേട്ടക്കാരാണെന്നാണ് വനപാലകർ പറയുന്നത്. അയൂബ് കഴിഞ്ഞ എട്ടു വർഷമായി ഈ മേഖലയിൽ ഉണ്ടെന്നാണ് വനംവകുപ്പിന് നൽകിയ മൊഴിയിലുള്ളത്. 20-ാം വയസിൽ നാടൻ തോക്ക് വില കൊടുത്ത് വാങ്ങിയാണ് മൃഗവേട്ടക്ക് ഇറങ്ങിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.എം.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.ഷാക്കിർ, എൻ.കെ.രതീഷ്, എം.സുധാകരൻ, എൻ.ആഷീഫ്, സിപിഒ അർജുൻ, ഡ്രൈവർ റഷീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. അനധികൃതമായി വനത്തിൽ കടന്നു കയറി മൃഗവേട്ട നടത്തിയതിനുൾപ്പെടെ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് വനംവകുപ്പ് ഇയാൾക്ക് എതിരെ കേസ് കേസെടുത്തത്. ലൈസൻസ് ഇല്ലാത്ത തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തിയതിന് ആയുധ നിയമപ്രകാരം പോലീസും കേസെടുക്കും. പ്രതിയെയും തൊണ്ടിമുതലും മഞ്ചേരി വനംകോടതിയിൽ ഹാജരാക്കും.