വഴിക്കടവ് ബജറ്റ്: പശ്ചാത്തല വികസനത്തിനും പാർപ്പിടത്തിനും മുൻഗണന
1279774
Tuesday, March 21, 2023 11:21 PM IST
എടക്കര: പശ്ചാത്തല വികസനം, പാർപ്പിടം, ശുചിത്വം എന്നിവക്ക് കൂടുതൽ പരിഗണന നൽകി വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ 2023 24 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 39.61 കോടി രൂപ വരവും 39.00 കോടി രൂപ ചെലവും കണക്കാക്കുന്ന ബജറ്റിൽ 61.16 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ അവതരിപ്പിച്ചത്. ദാരിദ്ര്യ ലഘൂകരണം (4.80 കോടി), പശ്ചാത്തല വികസനം (3.80 കോടി), പാർപ്പിടം (1.5 കോടി), ശുചിത്വം (80 ലക്ഷം), ആരോഗ്യം (75 ലക്ഷം), മൃഗസംരക്ഷണം, ക്ഷീര വികസനം (70 ലക്ഷം), കാർഷികം (50 ലക്ഷം), പട്ടികജാതി പട്ടികവർഗ ക്ഷേമം (30 ലക്ഷം), വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം (60 ലക്ഷം) എന്നിങ്ങനെയാണ് ബജറ്റിൽ തുക നീക്കിവച്ചത്. ബജറ്റ് സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുന്പടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജോണ് ഡെസ്മണ്, പി.വി. മാത്യു, ബാബു ഏലക്കാടൻ, പി.കെ. അബ്ദുൾ കരീം എന്നിവർ പ്രസംഗിച്ചു.