പെരിന്തൽമണ്ണ നഗരസഭ ബജറ്റ്: സാമൂഹ്യക്ഷേമം, പാർപ്പിടം, വനിതാ വികസന പദ്ധതികൾക്കു ഉൗന്നൽ
1279771
Tuesday, March 21, 2023 11:21 PM IST
പെരിന്തൽമണ്ണ: സാമൂഹ്യക്ഷേമം, പാർപ്പിടം, വനിതാ വികസന പദ്ധതികൾക്ക് ഉൗന്നൽ നൽകി പെരിന്തൽമണ്ണ നഗരസഭ ബജറ്റ് അവതരിപ്പിച്ചു. 2023-24 വർഷത്തിൽ, മുൻ നീക്കിയിരിപ്പ് 2.34 കോടി രൂപയടക്കം 83,22,87,715 രൂപ വരവും 80,55,67,566 രൂപ ചെലവും 2,67, 201,49 രൂപ മിച്ചവുമുള്ള ബജറ്റാണ് ഉപാധ്യക്ഷ എ.നസീറ അവതരിപ്പിച്ചത്. ദാരിദ്യ്ര ലഘൂകരണം, ചേരി പരിഷ്കരണം, പാർപ്പിടം എന്നിവക്ക് 179.50 ലക്ഷം രൂപ വകയിരുത്തി.
ഇതിൽ 142 കോടിയും പാർപ്പിട നിർമാണത്തിനാണ്. സാമൂഹ്യനീതി പദ്ധതികൾക്ക് 148.95 ലക്ഷം അനുവദിച്ചതിൽ ഒരു കോടി രൂപ അങ്കണവാടി പോഷകാഹാരത്തിനായി നീക്കിവച്ചു. പൊതുമരാമത്ത് നഗരാസൂത്രണ ഉൗർജ പദ്ധതികൾക്ക് മൂന്നു കോടിയാണ് വകയിരുത്തിയത്. കൃഷി, ജലസംരക്ഷണം, കൃഷി വ്യാപിപ്പിക്കൽ എന്നിവക്ക് 40 ലക്ഷവും വനിതാ ക്ഷേമകാര്യങ്ങൾക്ക് 76 ലക്ഷവും ആരോഗ്യമേഖലക്ക് 43 ലക്ഷവും ശുചിത്വ, മാലിന്യ സംസ്കരണത്തിന് 61 ലക്ഷവും വിദ്യാഭ്യാസം, കലാ, കായിക, യുവജന ക്ഷേമപദ്ധതികൾക്ക് 113 ലക്ഷവും കുടിവെള്ള അമൃത് പദ്ധതികൾക്ക് 25 ലക്ഷവും വകയിരുത്തി. നെൽകൃഷി വികസനത്തിന് 35 ലക്ഷവും ആയുർവേദാശുപത്രിയിൽ മരുന്നിന് 22 ലക്ഷവും സമഗ്ര മാലിന്യ സംസ്കരണ പദ്ധതിക്ക് 50 ലക്ഷവും നീക്കിവച്ചു. നഗരസഭയിലെ വിധവകളുടെ ക്ഷേമവും പുരോഗതിക്കുമായി ’സംവിധം ’ പദ്ധതി ആവിഷ്കരിച്ചു. ഇതിനു 15 ലക്ഷം വകയിരുത്തി. ഡയാലിസിസ് ചെയ്യുന്ന നിർധന രോഗികൾക്ക് പ്രതിമാസം 4000 രൂപ നൽകുന്ന ഹൃദ്യം പദ്ധതി ആവിഷ്കരിച്ചു. 15 ലക്ഷം രൂപ ഇതിനായി മാറ്റിവച്ചു. നഗരസഭയിലെ ട്രാൻസ്ജെന്റർ വിഭാഗത്തിന് തൊഴിലിനായി ട്രാൻസ് ബിസ് പദ്ധതിക്ക് രണ്ട് ലക്ഷം നൽകും.
നഗരത്തിലെ ഗവണ്മെന്റ് ഹയർ സെക്കൻഡറികളിൽ പഠന രീതി മെച്ചപ്പെടുത്താൻ ഓഗുമെന്റഡ് റിയാലിറ്റി ലാബുകൾക്കായി 35 ലക്ഷം രൂപയാണ് വകയിരുത്തിയത്.
പട്ടികജാതിക്കാർക്ക് പഠനമുറി ഒരുക്കാൻ 20 ലക്ഷവും അനുവദിച്ചു. പുതിയ വർഷം ’ജ്വാല’ എന്ന പേരിൽ വെളിച്ച വിപ്ലവം നടപ്പിൽ വരും. നഗരസഭയിലെ 55 പട്ടികജാതി കോളനികളിൽ 55 ലക്ഷം രൂപ ചെലവിൽ സോളാർ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. ഇതിന് 55 ലക്ഷം രൂപ വകയിരുത്തി. നിലവിലെ തെരുവുവിളക്കുകൾക്ക് പുറമേ പുതുതായി 500 തെരുവു വിളക്കുകൾ കൂടി സ്ഥാപിക്കും. ഇതിന് 12.5 ലക്ഷം നീക്കി വച്ചു. ചലനശേഷി ഇല്ലാത്തവർക്ക് വീൽചെയർ നൽകാൻ 20 ലക്ഷം വകയിരുത്തി. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഓപ്പണ്‍ ജിം ആരംഭിക്കും. നെഹ്റു സ്റ്റേഡിയത്തിൽ പ്രഥമ ഓപ്പണ്‍ ജിം തുറക്കാൻ 10 ലക്ഷം അനുവദിച്ചു. കിടപ്പിലായ രോഗികളെ വിട്ടിലെത്തി പരിചരിക്കാൻ പുതിയ വാഹനം ലഭ്യമാക്കാൻ 15 ലക്ഷം അനുവദിച്ചു. മാസത്തിൽ ഒരു തവണ രോഗിയെ വീട്ടിലെത്തി പരിചരിക്കും. ബജറ്റിൻമേൽ ഇന്ന് ചർച്ച നടക്കും.