പുഴകളിലേക്ക് മാലിന്യം തള്ളിയവരെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം
1279476
Monday, March 20, 2023 11:38 PM IST
കാളികാവ്: പുഴകളിൽ മാലിന്യം തള്ളിയവർക്ക് സ്റ്റേഷൻ ജാമ്യം നൽകിയ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനം. സാമൂഹ്യ മാധ്യമങ്ങളിലും വിമർശനം ഉയർന്നിട്ടുണ്ട്. ചോക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.വി രവിശങ്കർ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്. രണ്ടു ദിവസത്തോളം സമയമെടുത്താണ് നിരീക്ഷണ കാമറകൾ പരിശോധിച്ച് വാഹനം കണ്ടെത്തുകയും പോലീസ് പ്രതികളെ പിടികൂടുകയും ചെയ്തത്.
എന്നാൽ മൂന്നു പുഴകളെ മലിനമാക്കിയ സാമൂഹ്യദ്രോഹികൾക്കെതിരെ കടുത്ത ശിക്ഷ ലഭിക്കുന്നതിന് ആവശ്യമായ വകുപ്പുകൾ ചേർക്കാതെ കേസെടുക്കുകയും സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തുവെന്നാണ് പോലീസിനെതിരെ ഉയർന്നിട്ടുള്ള വിമർശനം.
കല്ലാമൂല പുഴയോടു ചേർന്നു ചെറിയ പാലത്തിൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയത് നിമിഷനേരം കൊണ്ടു തന്നെ ചോക്കാടൻ പുഴയിൽ കലർന്നിട്ടുണ്ട്. മങ്കുണ്ട് ഓവുപാലത്തിൽ തള്ളിയ മാലിന്യവും പുഴയിൽ കലർന്നിട്ടുണ്ട്.
അമരന്പലം പാലത്തിനു സമീപം പുഴയിലേക്കു ഇവർ മാലിന്യം തള്ളിയതും അവ പുഴയിൽ കലർന്നതായും കാണപ്പെട്ടു. നിരവധി ശുദ്ധജല പദ്ധതികളും അണക്കെട്ടുകളുമുള്ള പുഴകളിൽ മാലിന്യം തള്ളിയിട്ടും ശക്തമായ നടപടി എടുക്കാത്തതാണ് വിമർശനത്തിനിടയാക്കിയത്.
അതേസമയം നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുന്ന വിധത്തിൽ കേസെടുത്തിട്ടുണ്ടെന്നും വാഹനം കസ്റ്റഡിയിലുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇത്തരം കേസുകൾക്കെതിരെ സംസ്ഥാനത്ത് എവിടെയും ജാമ്യമില്ല വകുപ്പുകൾ ഉപയോഗിച്ചിട്ടില്ലെന്നും പോലീസ് വിശദീകരിച്ചു.