ഞരളത്ത് പുരസ്കാരം രാമപുരം കുഞ്ഞികൃഷ്ണ മാരാർക്ക്
1264963
Saturday, February 4, 2023 11:44 PM IST
പെരിന്തൽമണ്ണ: പ്രമുഖ സോപാന സംഗീതജ്ഞനായിരുന്ന ഞരളത്ത് രാമപൊതുവാളിന്റെ പേരിലുള്ള പ്രഥമ ഞരളത്ത് പുരസ്കാരം സോപാന സംഗീത കലാകാരൻ രാമപുരം കുഞ്ഞികൃഷ്ണമാരാർക്ക് സമ്മാനിക്കും. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര കമ്മിറ്റിയാണ് 10001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കുകയെന്നു ഭാരവാഹികൾ അറിയിച്ചു. 15 മുതൽ 19വരെ ക്ഷേത്രത്തിൽ ഞരളത്ത് സംഗീതോത്സവവും നടത്തും. 15ന് വൈകുന്നേരം മലബാർ ദേവസ്വം ബോർഡ് ചെയർമാൻ എം.ആർ മുരളി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാത്രി പത്തു വരെ സംഗീതാർച്ചന നടത്തും. 19ന് സമാപന ദിവസം രാവിലെ പഞ്ചരത്ന കീർത്തനാലാപനം, വൈകിട്ട് പക്കമേളക്കാരുടെ താളവാദ്യസംഗമം, രാത്രി ഏഴിനു ഘനസംഘം എന്നിവ നടത്തും. വാർത്താ സമ്മേളനത്തിൽ എക്സിക്യൂട്ടീവ് ഓഫീസർ എം. വേണുഗോപാൽ, പാരന്പര്യ ട്രസ്റ്റി പ്രതിനിധി കൃഷ്ണകുമാർ വർമ, അസിസ്റ്റന്റ് മാനേജർ എ.എൻ ശിവപ്രസാദ്, വി.കെ ദിലീപ്, എ. ഉണ്ണികൃഷ്ണൻ, സുരേഷ്വാര്യർ എന്നിവർ സംബന്ധിച്ചു.