നിർമല സ്കൂൾ രജതജൂബിലി നിറവിൽ; വാർഷികവും യാത്രയയപ്പും നാളെ
1264959
Saturday, February 4, 2023 11:44 PM IST
നിലന്പൂർ: എരുമമുണ്ട നിർമല ഹയർ സെക്കൻഡറി സ്കൂൾ രജത ജൂബിലി വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നാളെ നടക്കുമെന്നു സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്നേഹാദരവ് 2023 എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിക്ക് നാളെ വൈകുന്നേരം അഞ്ചിന് തുടക്കമാകും. വിശിഷ്ടാതിഥികളെ എരുമമുണ്ട അങ്ങാടിയിൽ നിന്നു സ്വീകരിച്ച് സ്കൂളിലേക്ക് ആനയിക്കും.
തുടർന്ന് നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബത്തേരി രൂപതാധ്യക്ഷൻ ഡോ. ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 25 വർഷത്തെ സേവനം പൂർത്തിയാക്കി വിരമിക്കുന്ന അധ്യാപകരായ എം.പി. സണ്ണിക്കും കെ.സി. മുരളിധരനും യാത്രയയപ്പ് നൽകും. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നജ്മുന്നീസ യാത്രമംഗളം നേരും. ഡിസിസി പ്രസിഡന്റും പൂർവവിദ്യാർഥിയുമായ വി.എസ്. ജോയ് ഗുരുസ്മരണ പ്രഭാഷണം നടത്തും.
നാഷണൽ സർവീസ് സ്കീമിൽ അംഗമായിരുന്ന പൂർവവിദ്യാർഥിയും നിലവിൽ എൻഎസ്എസ് തത്വങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്ന മാതൃകാ വിദ്യാർഥിയുമായ വെള്ളിമുറ്റം സ്വദേശി അംജത്ത് ഷാന് എൻഎസ്എസ് യൂണിറ്റ് ഏർപ്പെടുത്തിയ പ്രഥമ അവാർഡ് കൈമാറും.
രജതജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനത്തിനും വലിയ ഒരുക്കമാണ് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയും പിടിഎ, എംടിഎ, എസ്എംസി എന്നിവർ ചേർന്ന് നടത്തിയിട്ടുള്ളത്. കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പങ്കാളിത്തമാണ് നിർമല ഹയർ സെക്കൻഡറി സ്കൂളിനുള്ളതെന്നും സംഘാടകർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എ.പി. ജാഫർ അലി, ഉണ്ണി പാലത്തിങ്ങൽ, വി.പി. ജോണ്സണ്, സി.പി. വിൻസന്റ് കെ.എം. ഷംസുദീൻ എന്നിവർ പങ്കെടുത്തു.