ഡീസലിന് സെസ് ചുമത്തുന്നത് അംഗീകരിക്കില്ലെന്ന് ബസുടമകൾ
1264957
Saturday, February 4, 2023 11:44 PM IST
മഞ്ചേരി : ഡീസൽ ലിറ്ററിന് രണ്ടു രൂപ വർധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നു ബസുടമകൾ. പ്രതിദിനം 75 മുതൽ 100 ലിറ്റർ വരെ ഡിസലടിക്കുന്ന സ്വകാര്യ ബസുകൾക്കിത് ദിവസവും 150 മുതൽ 200 രുപ വരെ അധികച്ചെലവുണ്ടാക്കും.
പ്രതിമാസം ഈയിനത്തിൽ 4500 മുതൽ 6000 രൂപ വരെ അധികം ചെലവാകും. നിലവിലെ സാഹചര്യത്തിൽ ഈ അധിക ചെലവ് താങ്ങാവുന്ന അവസ്ഥയിലല്ല സ്വകാര്യ ബസ് വ്യവസായമെന്നു ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ അറിയിച്ചു. റോഡ് നികുതിയിൽ പത്തു ശതമാനം കുറവ് വരുത്തിയിട്ടുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. എന്നാൽ സ്റ്റേജ് കാര്യേജ് ബസുകൾക്ക് മൂന്നു മാസത്തിനു 20000 മുതൽ 30000 വരെയാണ്. ഇതിന്റെ പത്തുശതമാനം കണക്കാക്കിയാൽ ഒരോ ദിവസവും ശരാശരി 30 രൂപ മാത്രമാണ് കുറവു വരുന്നത്. 30 രൂപ ഇളവ് തന്ന് ഇതിന്റെ ആറിരട്ടി ഈടാക്കുന്നതാണ് പുതിയ ബജറ്റ് നിർദേശം. ഇതു അംഗീകരിക്കാനാകില്ല. കഴിഞ്ഞ തവണ ബസ് ചാർജ് വർധനവ് അനുവദിച്ചപ്പോൾ രണ്ടു മാസത്തിനുള്ളിൽ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നുവെങ്കിലും അനുകൂലമായ നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിൽ പുതിയ നിർദേശം ബസ് വ്യവസായത്തിന് ഇരുട്ടടിയായിരിക്കയാണെന്നു ഹംസ ഏരിക്കുന്നൻ ചൂണ്ടിക്കാട്ടി.