കടുവ സാന്നിധ്യം: വിജയപുരം, അളക്കൽ നിവാസികൾ ആശങ്കയിൽ
1264387
Friday, February 3, 2023 12:11 AM IST
നിലന്പൂർ: കടുവാ സാന്നിധ്യമുണ്ടെന്ന വാദത്തെ തുടർന്ന് ചാലിയാർ പഞ്ചായത്തിലെ വിജയപുരം, അളക്കൽ പ്രദേശത്തെ ജനങ്ങൾ ആശങ്കയിലായി. വളർത്തുപട്ടികളെ ഉൾപ്പെടെ കടുവ കൊണ്ടുപോയതായി നാട്ടുകാർ. ചാലിയാർ പഞ്ചായത്തിലെ വിജയപുരം-അളക്കൽ ഭാഗങ്ങളിലെ കുടുംബങ്ങളും ടാപ്പിംഗ് തൊഴിലാളികളാണ് ഏറെ ഭീതിയിൽ കഴിയുന്നത്. മാസങ്ങൾക്ക് മുൻപ് പുലി സാന്നിധ്യവും ഇവിടെ ഉണ്ടായിരുന്നു. അന്ന് നിരവധി ആടുകളെയും വളർത്ത് നായ്ക്കളെയും പുലി കടിച്ചു കൊന്നിരുന്നു.
മൂവായിരം വനമേഖലയിൽ നിന്നുമാണ് കടുവയും വരുന്നതെന്ന് പ്രദേശവാസിയായ രാജു പൂവത്തിങ്കൽ പറഞ്ഞു. തന്റെ കോഴിക്കൂടിന്റെ പരിസരത്ത് കടുവ എത്തി രാത്രിയിൽ കടുവയുടെ അലർച്ച കേൾക്കുന്നുണ്ടെന്നും രാജു പറഞ്ഞു. കടുവയുടെ സാന്നിധ്യം ജനങ്ങളെ ഭീതിയിലാക്കിയിരിക്കുകയാണെന്ന് ഗ്രാമപ്പഞ്ചായത്തംഗം സിബി അന്പാട്ടും പറഞ്ഞു. ടാപ്പിംഗ് തൊഴിലാളിയായ താൻ ഉൾപ്പെടെയുള്ളവർ പുലർച്ചെ നാലു മണിയോടെയാണ് ടാപ്പിങിനായി ഇവിടെ എത്തുന്നത്. ജീവൻ പണയംവെച്ചു വേണം ടാപ്പിങ് നടത്താൻ. വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നും സിബി അന്പാട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പകൽ അന്യസംസ്ഥാന തൊഴിലാളിയായ മാർട്ടിൻ കടുവയെ കണ്ടുവെന്ന് ടാപ്പിങ് തൊഴിലാളിയായ ജിജി പറഞ്ഞു. കടുവ ഭീതിയിൽ നിൽക്കുന്പോൾ പുലി സാന്നിധ്യം കൂടിയുള്ളത് ആശങ്കപ്പെടുത്തുകയാണ്. കഴിഞ്ഞ ദിവസം അളക്കലിലെ തയ്യിൽ ആയിഷയുടെ വളർത്ത് നായയെ കടുവ പിടിച്ചു കൊണ്ടുപോയി. രാത്രിയായാൽ വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് അളക്കൽ-വിജയപുരം നിവാസികൾക്കുള്ളത്. മൂവായിരം വനമേഖലയിൽ കാട്ടാന സാന്നിധ്യവുമുണ്ട്. മൈലാടി മേഖല കാട്ടാന ഭീതിയിൽ കഴിയുന്പോൾ അളക്കൽ-വിജയപുരം നിവാസികൾ കടുവ, പുലി ഭീതിയിലാണ്.