പെരിന്തൽമണ്ണയിലെ റേഷൻ കടയിൽ പരിശോധന
1261278
Monday, January 23, 2023 12:46 AM IST
പെരിന്തൽമണ്ണ: പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ റേഷൻ കടയിൽ പരിശോധന നടത്തി.
എഡിഎം എൻ.എം മെഹറലി, ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനി എന്നിവരുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിലെ റേഷൻ കടയിലാണ് പരിശോധന നടത്തിയത്. സ്റ്റോക്കുള്ള ഭക്ഷ്യധാന്യങ്ങളുടെയും വിതരണത്തിനുള്ള മറ്റു വസ്തുക്കളുടെയും ഗുണനിലവാരം, ബില്ലിംഗ് ഉപകരണങ്ങളുടെ കാര്യക്ഷമത, പരാതി പുസ്തകം എന്നിവ പരിശോധിച്ചു. വിറ്റുവരവ് കണക്ക്, കടയിൽ സ്റ്റോക്കുള്ള ധാന്യങ്ങളുടെ കണക്ക് എന്നിവ ശേഖരിച്ചു. ഭൗതിക സാഹചര്യങ്ങൾ, കുടിവെള്ളം, ഉപഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, സർക്കാർ അറിയിപ്പുകൾ അടങ്ങിയ പോസ്റ്ററുകൾ, വൃത്തി എന്നിവ ഉറപ്പുവരുത്തി.
കേന്ദ്ര സർക്കാരിന്റെ പ്രത്യേക നിർദേശ പ്രകാരമായിരുന്നു പരിശോധന. പരിശോധനാ റിപ്പോർട്ട് കേന്ദ്ര പൊതു വിതരണ മന്ത്രാലയത്തിന് കൈമാറും. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസർ അബ്ദുറഹ്മാൻ പോത്തൻകോടൻ, റേഷനിംഗ് ഇൻസ്പെക്ടർ എസ്. സതീഷ്, ജില്ലാ പ്രൊജകട് മാനേജർ ജിതിൻ ജനാർദനൻ എന്നിവർ പങ്കെടുത്തു.