മഞ്ചേരിയിൽ വാതക ശ്മശാനം ഉടൻ തുറക്കും
1260950
Sunday, January 22, 2023 12:36 AM IST
മഞ്ചേരി : മഞ്ചേരിയിൽ പണി പൂർത്തിയായി വരുന്ന വാതക ശ്മശാനം ഈ മാസം തന്നെ പ്രവർത്തന സജ്ജമാകും. നഗരസഭയുടെ ഉടമസ്ഥതയിൽ വേട്ടേക്കോട് ട്രഞ്ചിംഗ് ഗ്രൗണ്ടിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ശ്മശാനം പ്രവൃത്തി പുരോഗമിക്കുന്നത്.
എംഎൽഎ ഫണ്ടിൽ നിന്നനുവദിച്ച 85 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമാണം. 1900 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ ഓപ്പണ്‍ വരാന്ത, ഓഫീസ്മുറി, ശുചിമുറി, സ്റ്റോർ റൂം, പതിനായിരം ലിറ്റർ വെള്ള സംഭരണി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പൊതുശ്മശാനത്തിന്റെ അപര്യാപ്തത ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്ന മഞ്ചേരിക്ക് വാതക ശ്മശാനം ഏറെ ആവശ്യമായിരുന്നു. ഏറെ മുറവിളികൾക്കു ശേഷമാണ് ഒരു വർഷം മുന്‍പ് ശ്മശാനത്തിനു അനുമതിയാകുന്നതും പ്രവൃത്തി തുടങ്ങുന്നതും.
എന്നാൽ വിവിധ കാരണങ്ങൾ കൊണ്ടു പ്രവൃത്തി വൈകി. ഇപ്പോൾ കെട്ടിടത്തിന്റെ നിർമാണ ജോലികളെല്ലാം പൂർത്തിയായി. പെയിന്റിംഗും മുറ്റത്ത് ടൈൽ വിരിക്കുന്ന ജോലിയും പുരോഗമിക്കുകയാണ്. വൈദ്യുതി കണക്ഷൻ, ഗ്യാസ്, വെള്ളം എന്നിവ എത്തിച്ച് ട്രയൽ റണ്‍ നടത്തുന്നതിനു കരാറുകാരൻ നഗരസഭക്ക് കത്തു നൽകിയിട്ടുണ്ട്. ഈ മാസം തന്നെ ശ്മശാനം തുറന്നുകൊടുക്കാനാകുമെന്നു നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു.
മഞ്ചേരി വേട്ടേക്കോട് നേരത്തെ അജ്ഞാത മൃതദേഹങ്ങൾ മറവുചെയ്തിരുന്നു. ഇതു പ്രദേശവാസികളുടെ എതിർപ്പിനിടയാക്കി. തുടർന്നാണ് ഇവിടെ പരിസരവാസികൾക്കു ബുദ്ധിമുട്ടാകാത്ത വിധത്തിൽ പ്രവർത്തിക്കുന്ന വാതകശ്മശാനം സ്ഥാപിക്കുന്നതിന് പദ്ധതി തയാറാക്കിയത്. ആധുനികരീതിയിലുള്ള ശ്മശാനത്തിൽ മണിക്കൂറിൽ ഒരു മൃതദേഹം ദഹിപ്പിക്കാനാകും. ഇതിനായി 19 കിലോ തൂക്കമുള്ള പത്ത് എൽപിജി സിലിണ്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു മൃതദേഹത്തിന് ഒരു സിലിണ്ടർ എന്ന നിലയിലാകും ഉപയോഗം. ദഹിപ്പിക്കുന്പോഴുണ്ടാകുന്ന പുക നേരെ കുഴൽവഴി മുവായിരം ലിറ്റർ സംഭരണ ശേഷിയുള്ള വെള്ള ടാങ്കിലേക്കു പോകും. പിന്നീടുണ്ടാകുന്ന ഗന്ധമില്ലാത്ത നേർത്ത പുക ഉയരത്തിൽ സ്ഥാപിച്ച കുഴൽവഴി പുറത്തുപോകും. നഗരസഭക്കായിരിക്കും ശ്മശാനത്തിന്റെ നടത്തിപ്പു ചുമതല. മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.