വീടുകൾ തകർത്ത് അരി തിന്നിരുന്ന ‘അരിസിരാജ’ കാട്ടാനയെ പിടിച്ചു മുതുമലയിലേക്ക് മാറ്റും
1247036
Friday, December 9, 2022 12:11 AM IST
നിലന്പൂർ: തമിഴ്നാട് ഗൂഡല്ലൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അപകടമുണ്ടാക്കിയിരുന്ന കാട്ടാനയെ തമിഴ്നാട് വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി. മുതുമലയിലെ മൂന്ന് താപ്പാനകളുടെ സഹായത്തോടെയാണ് അപകടകാരിയായിരുന്ന ആനയെ വ്യാഴാഴ്ച നാടുകാണിക്കടുത്തുള്ള പുളിയന്പാറയിൽ വെച്ച് മയക്കുവെടി വെച്ച് പിടികൂടിയത്. ആനയെ മുതുമല വന്യജീവിസങ്കേതത്തിലെ ആന കേന്ദ്രത്തിലേക്ക് മാറ്റും.
തമിഴ്നാട് ഗൂഡല്ലൂർ താലൂക്കിലെ നാടുകാണി, ദേവാല, ഗൂഡല്ലൂർ, ദേവർഷോല എന്നിവിടങ്ങളിലെ വീടുകൾ തകർത്ത് അകത്ത് കയറി അരി തിന്നാണ് ആന നടന്നിരുന്നത്. മക്ണ-2 എന്നാണ് തമിഴ്നാട് വനം വകുപ്പ് ഇതിന് പേര് നൽകിയിരുന്നത്.
അരി തിന്നു നടന്നിരുന്നതിനാൽ ‘അരിസിരാജ’ എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഏകദേശം 70 തിലേറെ വീടുകൾ ഈ ആന തകർത്തതായാണ് തമിഴ്നാട് റവന്യു വകുപ്പിന്റെ കണക്കുകൾ.
മൂന്ന് ആഴ്ച മുൻപ് ദേവാല പാടവയലിൽ പാപ്പാത്തി എന്ന സ്ത്രീയെ വീടിനകത്ത് കയറി അടിച്ചു കൊന്നിരുന്നു. കഴിഞ്ഞ 18 ദിവസമായി ഈ ആനക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു വനം വകുപ്പധികൃതർ. വ്യാഴാഴ്ച നാടുകാണി പുളിയന്പാറയിൽ വെച്ചാണ് മയക്കുവെടി വെച്ച് പിടികൂടിയത്.