വരുമാന സർട്ടിഫിക്കറ്റ് വ്യാജമായി ഉപയോഗിക്കുന്നതായി പരാതി
1246424
Tuesday, December 6, 2022 11:43 PM IST
മഞ്ചേരി: വരുമാന സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച് ഉപയോഗിക്കുന്നതായി പരാതി. ഇത്തരത്തിൽ നിർമിച്ച അഞ്ച് വരുമാന സർട്ടിഫിക്കറ്റുകൾ കണ്ടെത്തി. മഞ്ചേരി വില്ലേജ് ഓഫീസിൽ നിന്നു നൽകിയെന്നാണ് സർട്ടിഫിക്കറ്റിലുള്ളത്.
മഞ്ചേരി നഗരസഭയിൽ വിവിധ ആവശ്യങ്ങൾക്കായി നൽകിയ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇത്തരത്തിൽ ലഭിച്ച സർട്ടിഫിക്കറ്റുകളുമായി നഗരസഭയിലെ ജീവനക്കാർ വില്ലേജ് ഓഫീസറെ സമീപിച്ചിരുന്നു. സർട്ടിഫിക്കറ്റിലെ പേരും സ്കാൻ ചെയ്തപ്പോൾ ലഭിച്ച പേരു വ്യത്യസ്തമായിരുന്നു.
വില്ലേജ് ഓഫീസർ പരിശോധിച്ചപ്പോൾ ഇതു വ്യാജമായി നിർമിച്ചതാണെന്നു കണ്ടെത്തി. രണ്ടു പേർ വില്ലേജ് ഓഫീസിലെത്തിയും വരുമാന സർട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു.
സരോജിനിക്ക് നൽകിയ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തപ്പോൾ അച്യുതന്റെ പേരും വി.പി. സുധീഷിന്റെ സർട്ടിഫിക്കറ്റ്
സ്കാൻ ചെയ്തപ്പോൾ ഉണ്ണികൃഷ്ണന്റെ പേരും ജാനകിക്കുട്ടിയുടെ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്തപ്പോൾ പി.സി.രജനിയുടെ പേരും കാർത്ത്യായനിയുടെ സർട്ടിഫിക്കറ്റ് ചെയ്തപ്പോൾ രമണി എന്ന പേരിലുമാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. വില്ലേജ് ഓഫീസറുടെ പരാതിയിൽ മഞ്ചേരി പോലീസ് കേസെടുത്തു.