കുണ്ടുകടവ് പാലം നിർമാണം; സർവേക്ക് തുടക്കമായി
1246420
Tuesday, December 6, 2022 11:42 PM IST
എടപ്പാൾ: എടപ്പാൾ-പൊന്നാനിയെയും മാറഞ്ചേരി പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കുണ്ടുകടവ് പാലത്തിന്റെ നിർമാണത്തിന് മുന്നോടിയായി സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പിഡബ്യുഡി പുറന്പോക്ക് സ്ഥലം നിർണയിച്ച് കൈയേറ്റം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് താലൂക്ക് സർവേ വിഭാഗം സർവേ നടത്തുന്നത്.
പാലത്തിന്റെ ഇരുഭാഗത്തും പുഴ,പുറന്പോക്ക് ഭൂമിയിൽ വീടുകൾ ഉൾപ്പെടെ സർവേയിൽ കണ്ടെത്തി ഇവ ഒഴിപ്പിച്ചായിരിക്കും പാലം നിർമിക്കുക. പാലത്തിന്റെ കിഴക്കുഭാഗത്തുള്ള വാട്ടർ അഥോറിറ്റിയുടെ സ്ഥലം പാലം നിർമാണത്തിന് ആവശ്യമെങ്കിൽ ഏറ്റെടുക്കും.
ഇതോടൊപ്പം നിലവിലെ പാലത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ പാലവും നിർമിക്കും. ഇതിനാവശ്യമായ സ്ഥലവും കൂടി അളന്നു തിട്ടപ്പെടുത്തുന്നുണ്ട്. താലൂക്ക് സർവേയർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിലാണ് സർവേ നടന്നത്. സർവേ പൂർത്തീകരിച്ച് റിപ്പോർട്ട് തഹസിൽദാർ പിഡബ്യുഡിക്ക് കൈമാറും.
29.3 കോടി രൂപ ചെലവഴിച്ചാണ് കുണ്ടുകടവിൽ പുതിയ പാലം ഒരുങ്ങുന്നത്. 227 മീറ്ററാണ് നീളം. നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയുണ്ടാകും. 7.5 മീറ്റർ ഗതാഗതത്തിനും 1.5 മീറ്റർ വീതം വീതിയിലുള്ള നടപ്പാതകൾ ഇരു ഭാഗത്തും നിർമിക്കും.
നിലവിലെ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ ഇരുവശത്തേക്കും അപ്രോച്ച് റോഡുകൾ നിർമിക്കും. 210 മീറ്ററാണ് ഇരുവശത്തേക്കുമായി അപ്രോച്ച് റോഡിന്റെ നീളം.22 മാസമാണ് കരാർ കാലാവധിയെങ്കിലും പദ്ധതി പൂർത്തിയാക്കും. പണി കഴിഞ്ഞാലുടൻ പഴയ പാലം പൊളിച്ചു മാറ്റും. ഊരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.