മേലാറ്റൂർ-പുലാമന്തോൾ റോഡ് പ്രവൃത്തി മന്ദഗതിയിൽ; മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനം
1245544
Sunday, December 4, 2022 12:45 AM IST
പെരിന്തൽമണ്ണ: നഗരത്തിലെ മേലാറ്റൂർ-പുലാമന്തോൾ റോഡ്(പട്ടാന്പി റോഡ്) പ്രവൃത്തി മന്ദഗതിയിലായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ നജീബ് കാന്തപുരം എംഎൽഎ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനം.
കെഎസ്ടിപി ഉന്നത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. നിശ്ചിത സമയത്ത് കരാറുകാർ പ്രവൃത്തി പൂർത്തീകരിക്കാത്തതിനാൽ കരാർ റദ്ദാക്കി കരാറുകാരെ തിരിച്ചയക്കുന്ന കാര്യമാണ് യോഗത്തിൽ പ്രധാനമായും ചർച്ചയായത്.
കഐംസിയുമായുള്ള നിലവിലെ കരാർ റദ്ദാക്കി വീണ്ടും ടെൻഡർ നടത്തുന്ന കാര്യം യോഗം ചർച്ച ചെയ്തു. വീണ്ടും ടെൻഡർ ക്ഷണിക്കുന്പോൾ ഉണ്ടായേക്കാവുന്ന കാലതാമസം കൂടുതൽ പ്രയാസങ്ങൾ ഉണ്ടാക്കുമോയെന്നതും പരിശോധിക്കാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പൂർത്തീകരിച്ച പ്രവൃത്തിയുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നു കരാറുകാർ പറഞ്ഞു. എന്നാൽ കൃത്യമായി പ്രവൃത്തി നടത്താത്തതിനാലും ബില്ലുകൾ സമർപ്പിക്കാത്തതിനാലുമാണ് പണം നൽകാത്തതെന്നു ഉദ്യോഗസ്ഥർ മറുപടി നൽകി.
പുലാമന്തോൾ മുതൽ മൂന്നു കിലോ മീറ്റർ നാളെ ടാറിംഗ് പ്രവൃത്തി ആരംഭിക്കണമെന്ന് കരാറുകാർക്ക് എംഎൽഎ കർശന നിർദേശം നൽകി. ഇതോടൊപ്പം കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനും ബി.സി വർക്കുകൾ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കും. നിലവിലെ കരാർ റദ്ദാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് പൊതുമാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരാൻ തീരുമാനിച്ചത്.
നിയമസഭാ സമ്മേളനം ആരംഭിക്കുന്ന നാളെ ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് എംഎൽഎ പറഞ്ഞു. നിയമസഭാ സമ്മേളനം ആരംഭിക്കുന്ന ആദ്യആഴ്ചയിൽ തന്നെ ഉന്നത ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചു മന്ത്രിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് യോഗം ചേരാനാണ് തീരുമാനം. യോഗത്തിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷത വഹിച്ചു.
കെഎസ്ടിപി പ്രൊജക്ട് ഡയറക്ടർ പ്രമോദ് ശങ്കർ, ചീഫ് എൻജിനീയർ കെ.ടി. ലിസി, കണ്സൾട്ടന്റ് ജോസഫ് മാത്യു, എക്സിക്യൂട്ടീവ് എൻജിനീയർ കെ.എം മനോജ്, കരാറുകാരായ റുത്വിൻ റെഡി, ജി. കാർത്തിക് എന്നിവർ പങ്കെടുത്തു.