ചിത്രവിരുന്നുമായി വിദ്യാരംഗംകലാ സാഹിത്യ വേദി
1244355
Wednesday, November 30, 2022 12:03 AM IST
തിരൂർ: ജില്ലാ കലോത്സവ നഗരിയിൽ വിദ്യാരംഗം ജില്ലാതല, ഉപജില്ലാതല ക്യാന്പുകളിൽ രൂപം കൊണ്ട സർഗാത്മക രചനകളുടെ പ്രദർശനത്തിന് ഇടമൊരുങ്ങി. വിവിധ മാധ്യമങ്ങളിലായി ചെയ്ത കുട്ടികളുടേതും അധ്യാപകരുടേതുമുൾപ്പെടെയുള്ള മുന്നൂറോളം രചനകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. തിരൂർ ബോയ്സ് ഹൈസ്കൂൾ നടുമുറ്റത്തിന്റെ തെക്കുഭാഗത്തുള്ള ക്ലാസുമുറിയിൽ ഒരുക്കിയിരിക്കുന്ന ചിത്രങ്ങൾ കലോത്സവത്തിനെത്തുന്നവരുടെ ശ്രദ്ധയാകർഷിച്ചു. പ്രദർശനത്തിന്റെ ഭാഗമായി കലാധ്യാപകനായ നൗഷാദ് വെളളിശേരിയുടെ തത്സമയ കാരിക്കേച്ചർ രചനയും നടന്നു. പ്രദർശനത്തിന്റെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യസ ഡയറക്ടർ കെ.പി രമേഷ് കുമാർ നിർവഹിച്ചു. വണ്ടൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ഉമ്മർ എടപ്പറ്റ, വിദ്യാരംഗം കോ-ഓർഡിനേറ്റർ പി. ഇന്ദിരാദേവി, പ്രശാന്ത് കിഴിശേരി, വിനുരാജ് എന്നിവർ പങ്കെടുത്ത ചടങ്ങിന് ചിത്രകാരൻമാരായ ബഷീർ ചിത്രകൂടം, സുരേഷ് കാട്ടിലങ്ങാടി, നൗഷാദ് വെളളിശേരി എന്നിവർ നേതൃത്വം നൽകി.