കനോലി പ്ലോട്ടിനു സമീപം മരം മുറിച്ച സംഭവം: പ്രതിഷേധം വ്യാപകമാകുന്നു
1243539
Sunday, November 27, 2022 3:43 AM IST
നിലന്പൂർ: അരുവാക്കോട് കനോലി പ്ലോട്ടിനു സമീപം വനം ഡിപ്പോക്കടുത്തുള്ള മരങ്ങൾ മുറിച്ചു മാറ്റിയിടത്ത് നഗരസഭ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് ഭാരവാഹികളും ജനപ്രതിനിധികളും സന്ദർശിച്ചു. ചരിത്ര പ്രസിദ്ധവും ലോകോത്തര നിലവാരമുള്ളതുമായ കനോലി പ്ലാന്റേഷനിൽ ഉൾപ്പെടുന്ന വനം വകുപ്പിന്റെ അരുവാക്കോട് ഡിപ്പോക്ക് സമീപത്തെ മരങ്ങൾ മുറിച്ചു മാറ്റിയതു എന്താവശ്യത്തിനായാലും അംഗീകരിക്കാൻ കഴിയാത്തതും അതീവ ഗുരുതരവുമായ വിഷയവുമാണെന്നു ജനപ്രതിനിധികൾ പറഞ്ഞു. റിസർവ് വനമേഖലയിൽ നിന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയിട്ടുള്ളത്.
കെട്ടിടങ്ങൾ നിർമിക്കാനാണെങ്കിൽ വനം വകുപ്പിന്റെ തന്നെ പഴയ കെട്ടിടങ്ങൾ ഇവിടെയുണ്ട്. ഇതിനു പുറമേ വുഡ് കോംപ്ലക്സിന്റെ ക്വാർട്ടേഴ്സുകളുമുണ്ട്. മരങ്ങൾ മുറിക്കാതെ തന്നെ ഇവിടങ്ങളിൽ പുതിയ കെട്ടിടങ്ങൾ ഉണ്ടാക്കാമെന്നിരിക്കെ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ വനം വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മരങ്ങൾ മുറിച്ചതിൽ ദുരൂഹതയുണ്ട്.
ഇതു സംബന്ധിച്ച് വനം മന്ത്രിക്കും ചീഫ് വനം കണ്‍സർവേറ്റർക്കും (സിസിഎഫ്) വനം പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതികൾ അയച്ചിട്ടുണ്ട്. ഉചിതമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നു നേതാക്കൾ പറഞ്ഞു. പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ഷെറി ജോർജ്, ഭാരവാഹികളായ പി.ടി. ചെറിയാൻ, വി.എ. ലത്തീഫ്, എം. സിക്കന്തർ, കൗണ്‍സിലർമാരായ റസിയ അള്ളന്പാടം, ശ്രീജ വെട്ടത്തിഴത്ത്, സാലി ബിജു എന്നിവരും മുസ്തഫ കളത്തുംപടിക്കൽ, മൂർക്കൻ മാനു, ടി.എം.എസ്. ആസിഫ്, റനീഷ് കാവാട് തുടങ്ങിയവരും പങ്കെടുത്തു.
അരുവാക്കോട് കനോലി പ്ലോട്ടിനു സമീപത്ത് കെട്ടിടം നിർമിക്കാനുള്ള വനം വകുപ്പിന്റെ നടപടി നിർത്തിവയ്ക്കണമെന്നും മരങ്ങൾ മുറിച്ചുമാറ്റുന്നതു നിർത്തിവയ്ക്കണമെന്നും പരിസ്ഥിതി സംഘടനയായ ഗ്രീൻ എർത്ത് ആവശ്യപ്പെട്ടു.