അധ്യാപക പരിശീലനം തുടങ്ങി
1242496
Wednesday, November 23, 2022 12:08 AM IST
നിലന്പൂർ: സമഗ്രശിക്ഷാ കേരളം നടത്തുന്ന ‘പാദമുദ്രകൾ’ എന്ന സാമൂഹൃശാസ്ത്ര അധ്യാപക ശാക്തീകരണ പരിപാടി നിലന്പൂർ ബിആർസിയിൽ ആരംഭിച്ചു. ചരിത്രാന്വേഷണത്തിന്റെ പൊതു രീതി ശാസ്ത്രവും പ്രദേശിക ചരിത്രത്തിന്റെ സവിശേഷതയും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക, ചരിത്രപഠനം അർത്ഥപൂർണവും ആനന്ദകരവുമായ ഒരനുഭവമാക്കി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിലന്പൂർ, വണ്ടൂർ ഉപജില്ലകളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ ചുമതലയുള്ള 34 അധ്യാപകരാണ് പരിശീലന പരിപാടിയിൽ പങ്കെടുത്തത്.
എട്ട്,ഒന്പത് ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും തുടർന്ന് പ്രാദേശികചരിത്രരചനയെ കുറിച്ച് പരിശീലനം നൽകും. തെരഞ്ഞെടുത്ത 30 കുട്ടികൾക്ക് ബിആർസി തലത്തിൽ രണ്ട് ദിവസത്തെ പരിശീലനം നൽകും. രചനകളുടെ മികവിന്റെയും അവതരണ മികവിന്റെയും അടിസ്ഥാനത്തിൽ ജില്ലാതല ക്യാന്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കും. പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരള പ്രവർത്തകരുടെ നേതൃത്വത്തിൽ ‘കാരണവർക്കൂട്ടം’ സംഘടിപ്പിക്കും.
എംഇഎസ് കല്ലടി കോളജ് അസിസ്റ്റന്റ്് പ്രൊഫസർ ഡോ.ടി.പി.ശിവദാസൻ പരിശീലനം ഉദ്ഘാടനം ചെയ്തു. നിലന്പൂർ ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു.
വണ്ടൂർ ബിആർസി ട്രെയിനർ പി.സജീഷ്, നിലന്പൂർ ബിആർസി ട്രെയിനർ എ.ജയൻ എന്നിവർ സംസാരിച്ചു. ഷൈജി ടി.മാത്യൂ, സൗമ്യ ജോണി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.