‘കളിവീട്’ പദ്ധതിയുമായി ജില്ലാ ആരോഗ്യവിഭാഗം
1242489
Wednesday, November 23, 2022 12:08 AM IST
മലപ്പുറം: ജില്ലയിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകരാൻ ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ കളിവീട് പദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നൽകി ഒരു മികച്ച തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പും ആരോഗ്യകേരളം മലപ്പുറവും സംയുക്തമായി ജില്ലാ മെന്റൽ ഹെൽത്ത് യൂണിറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് കളിവീട്. സ്വന്തം കഴിവുകൾ തിരിച്ചറിയുവാനും ദൈനംദിനജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുവാനും അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. ആഗോളതലത്തിൽ എടുത്താൽ ഏകദേശം പകുതിയോളം മാനസിക രോഗങ്ങൾ ആരംഭിക്കുന്നത് 14 വയസിന് മുൻപാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഈ പ്രായത്തിൽ കുഞ്ഞുങ്ങളിൽ കാണുന്ന മാനസിക ബുദ്ധിമുട്ടുകൾ മനസിലാക്കി പരിഹാരം കണ്ടെത്താനും അവർക്ക് കൃത്യമായ മാർഗ നിർദേശം നൽകാനും കളിവീട് പദ്ധതിയിലൂടെ സാധിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള അജ്ഞതയും ചികിത്സാ രീതികളെ കുറിച്ചുളള തെറ്റിദ്ധാരണകളും കുഞ്ഞുങ്ങൾക്കും കൗമാരക്കാർക്കും ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ കളിവീട് പദ്ധതി കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
ജില്ലയിൽ കുട്ടികൾക്കായി ആരംഭിക്കുന്ന ചൈൽഡ് സൈക്ക്യാട്രി ക്ലിനിക്ക് പദ്ധതി ‘കളിവീട് ’ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഡിഎംഒ ഡോ.ആർ.രേണുകയക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മുത്തേടം, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ്, ജില്ലാ മാസ്മീഡിയ ഓഫീസർ പി.രാജു, മെന്റൽ ഹെൽത്ത് പ്രോഗ്രാം നോഡൽ ഓഫീസർ ഡോ. മർവ കുഞ്ഞീൻ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.