ആര്യാടൻ മുഹമ്മദിന്റെ ഓർമക്കായി സ്മാരകം; ഉദ്ഘാടനം നാളെ
1242165
Tuesday, November 22, 2022 12:16 AM IST
മലപ്പുറം : മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ സ്മരണക്കായുളള ആദ്യത്തെ സ്മാരകം നാളെ രാവിലെ 11നു മലപ്പുറം കോട്ടപ്പടിയിൽ സ്പീക്കർ എ.എൻ ഷംസീർ ഉദ്ഘാടനം ചെയ്യും.
അബ്ദുറഹിമാൻ സാഹിബിന്റെ 77-ാമത് ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനത്തിൽ എം.കെ രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
എ.പി അനിൽകുമാർ എംഎൽഎ, പി. ഉബൈദുള്ള എംഎൽഎ,ഡിസിസി പ്രസിഡന്റ് വി.എസ് ജോയ്, കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് തുടങ്ങിയവർ പങ്കെടുക്കും.
300 പേർക്ക് ഇരിപ്പിട സൗകര്യമുള്ള കോണ്‍ഫറൻസ് ഹാളാണ് കോട്ടപ്പടിയിലെ അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിന്റെ മൂന്നാം നിലയിൽ സജ്ജീകരിച്ചിട്ടുള്ളത്. അബ്ദുറഹിമാൻ സാഹിബും ആര്യാടൻ മുഹമ്മദും ഉയർത്തിപിടിച്ചിട്ടുള്ള മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്നതിനും അവ ജനമനസുകളിൽ ദൃഢാക്കുന്നതിനും പഠനവും പരിശീലനവും നൽകുന്നതിനുള്ള കേന്ദ്രമായി ഈ സ്മാരകം മാറ്റിയെടുക്കുമെന്നു ട്രസ്റ്റ് ചെയർമാനും മുൻ എംപിയുമായ സി. ഹരിദാസും സെക്രട്ടറി വീക്ഷണം മുഹമ്മദും അറിയിച്ചു.
കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ സ്ഥാപിച്ചിട്ടുള്ള മുഹമ്മദ് അബ്ദുറഹിമാൻ ചെയർ ഫോർ സെക്യുലർ സ്റ്റഡീസ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായും ഭാരവാഹികൾ അറിയിച്ചു.