അകന്പാടം ബസ് സ്റ്റാൻഡിനു അനുമതിയും വാടകയുമില്ല
1228414
Saturday, October 8, 2022 12:02 AM IST
നിലന്പൂർ: അകന്പാടം ബസ് സ്റ്റാൻഡിന് മോട്ടോർ വാഹന വകുപ്പിന്റെ അനുമതിയും ഉടമക്ക് വാടകയും ലഭിക്കുന്നില്ല. ചാലിയാർ ഗ്രാമപ്പഞ്ചായത്ത് മുൻ കൈയെടുത്ത് 2000-2005 ഭരണ സമിതിയുടെ കാലയളവിലാണ് അകന്പാടം ടൗണിൽ ബസ് സ്റ്റാൻഡ് യഥാർഥ്യമായത്. എരഞ്ഞിമങ്ങാട് സ്വദേശിയായ നാലകത്ത് മുഹമ്മദ് (ചെറിയാപ്പു) ആണ് ബസ് സ്റ്റാൻഡിന് പാട്ടക്കരാർ വ്യവസ്ഥയിൽ സ്ഥലം നൽകിയത്. റോഡിനും മറ്റുമായി സൗജന്യമായി സ്ഥലവും നൽകി. എന്നാൽ ബസ് സ്റ്റാൻഡ് യഥാർഥ്യമായി ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും ബസ് സ്റ്റാൻഡിന് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. പാട്ടക്കരാർ വ്യവസ്ഥയിൽ സ്ഥലം സൗജന്യമായി നൽകിയ മുഹമ്മദിന് സ്റ്റാൻഡ് ഫീസും ലഭിക്കുന്നില്ല. 40 വർഷത്തേക്കായിരുന്നു പാട്ടക്കരാർ. അഞ്ചു വർഷം കുടുന്പോൾ പുതുക്കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കാതെ തട്ടിക്കൂട്ടിയ ബസ് സ്റ്റാൻഡിന് മോട്ടോർ വാഹന വകുപ്പിന്റെ അനുമതി കിട്ടാൻ സാധ്യത കുറവാണ്. ബസ് സ്റ്റാൻഡിലേക്ക് കയറാനും ഇറങ്ങാനും ഒരു വഴിമാത്രമാണുള്ളത്.
പഞ്ചായത്തിന്റെ വാക്ക് വിശ്വസിച്ച് സ്ഥലം നൽകിയ വ്യക്തിയാണ് ഏറെ വെട്ടിലായത്. ഇയാൾ സൗജന്യമായി നൽകിയ സ്ഥലത്ത് കാർഷിക വിപണന കേന്ദ്രം സ്ഥാപിച്ച് ഈ കെട്ടിടത്തിലെ മുറികൾ വാടകക്ക് നൽകി പഞ്ചായത്ത് വരുമാനവും ഉണ്ടാക്കുന്നുണ്ട്.
വ്യക്തി സൗജന്യമായി നൽകിയ സ്ഥലം സ്വകാര്യ കെട്ടിട ഉടമ കയ്യേറി ലൈറ്റ് സ്ഥാപിക്കുകയും അഞ്ചുവരി കട്ട പതിപ്പിക്കുകയും ചെയ്തിട്ട് അത് ഒഴിപ്പിക്കാനും പഞ്ചായത്ത് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
പാട്ടക്കരാർ പഞ്ചായത്ത് പാലിക്കാത്തതിനാൽ വ്യക്തി നിയമ നടപടിയിലേക്ക് നീങ്ങിയാൽ അത് പഞ്ചായത്ത് ഭരണസമിതിയേയും വെട്ടിലാക്കും. സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ പ്രവേശിക്കാത്തതിനാൽ സ്റ്റാൻഡ് ഫീസ് ഇനത്തിലും പഞ്ചായത്തിന് ഒന്നും ലഭിക്കുന്നില്ല.