പെരിന്തൽമണ്ണയിൽ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് തയാർ
1226808
Sunday, October 2, 2022 12:21 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിൽ ഖരമാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പിന്റെ ഉദ്ഘാടനം ചെയർമാൻ പി. ഷാജി നിർവഹിച്ചു. മാലിന്യ സംസ്കരണ മേഖലയിലെ പ്രവർത്തനം അതത് സമയങ്ങളിൽ ഡിജിറ്റൽ സംവിധാനത്തിലൂടെ സംസ്ഥാനതലം മുതൽ തദ്ദേശസ്വയംഭരണ സ്ഥാപന വാർഡ് തലം വരെ മോണിറ്റർ ചെയ്യുന്നതിനായി കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, കില എന്നിവരുടെ സഹകരണത്തോടെയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
ക്യു.ആർ കോഡ് വഴി വീടുകളും സ്ഥാപനങ്ങളും ഹരിതമിത്രം ആപ്പിന്റെ ഭാഗമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. ഹരിത കർമ സേനയുടെ യൂസർഫീ ശേഖരണം, കലണ്ടർ പ്രകാരമുള്ള പാഴ് വസ്തു ശേഖരണം തുടങ്ങിയ വിവരങ്ങളും അറിയാൻ സാധിക്കും.
ആപ്പ് വരുന്നതോടെ ഹരിത കർമ സേനകൾക്ക് യൂസർഫീ നൽകാത്ത വീടുകളെയും സ്ഥാപനങ്ങളെയും എളുപ്പത്തിൽ കണ്ടുപിടിക്കാനാകും. വാതിൽപ്പടി ശേഖരണം കൃത്യമായി നടപ്പാക്കാനും സാധിക്കും. ഗുണഭോക്താക്കൾക്ക് സേവനം ആവശ്യപ്പെടുന്നതിനും പരാതികൾ അറിയിക്കുന്നതിനും ഫീസുകൾ അടയ്ക്കുന്നതിനുമുള്ള സംവിധാനവും ആപ്പിലൂടെ ലഭ്യമാകും. ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്കുമാർ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷാൻസി നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.