വെറുപ്പിനെ സൗഹൃദം കൊണ്ട് നേരിടുക: ഐഎസ്എം സൗഹൃദ സംഗമം
1224026
Saturday, September 24, 2022 12:01 AM IST
നിലന്പൂർ: ഐഎസ്എം മലപ്പുറം ജില്ലാ സമിതി സൗഹൃദ സംഗമം സംഘടിപ്പിച്ചു. രാജ്യത്ത് വിവിധ മത രാഷ്ട്രീയ വിഭാഗങ്ങൾക്കിടയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം സംരക്ഷിക്കുകയാണ് ഫാസിസത്തെ പരാജയപ്പെടുത്താനുള്ള മാർഗമെന്നും വെറുപ്പിനെ സൗഹൃദം കൊണ്ടു നേരിടണമെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഐഎസ്എം സംസ്ഥാന പ്രസിഡന്റ് സഹൽ മുട്ടിൽ ഉദ്ഘാടനം ചെയ്തു. എസ്.എ. അജിംസ്, കേരള മദ്യനിരോധന സമിതി വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് വട്ടിയാനിക്കൽ, ഫിലിപ്പ് മന്പാട്, അഡ്വ. വി.ആർ. അനൂപ്, കെ.എൻ.എം. ജില്ലാ പ്രസിഡന്റ് ഡോ. യു.പി. യാഹിയാഖാൻ മദനി എന്നിവർ സൗഹൃദ സന്ദേശം കൈമാറി.
സി.എം. മൗലവി ആലുവ, റിഹാസ് പുലാമന്തോൾ എന്നിവർ പ്രഭാഷണം നിർവഹിച്ചു. ഐഎസ്എം മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ജൗഹർ അയനിക്കോട്, സ്വാഗതസംഘം ചെയർമാൻ കല്ലട കുഞ്ഞിമുഹമ്മദ്, ജില്ലാ സെക്രട്ടറി ലത്തീഫ് മംഗലശേരി, ഖജാൻജി ഫാസിൽ ആലുക്കൽ എന്നിവർ പ്രസംഗിച്ചു.