മാതൃ-ശിശു ബ്ലോക്കിൽ അഗ്നിരക്ഷാ സംവിധാനമൊരുക്കും
1224020
Saturday, September 24, 2022 12:01 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ മാതൃ-ശിശു ബ്ലോക്കിൽ അഗ്നിരക്ഷാ സംവിധാനമൊരുക്കാൻ ആശുപത്രി പരിപാലന സമിതി(എച്ച്എംസി) യോഗം തീരുമാനിച്ചു. കെട്ടിടത്തിന്റെ മൂന്നാംനില ഉപയോഗപ്പെടുത്തണമെങ്കിൽ ബ്ലോക്കിൽ അഗ്നിരക്ഷാ സംവിധാനം ആവശ്യമാണ്. ഈ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് ഇതിനായി ഉടൻ പദ്ധതി തയാറാക്കുമെന്നു പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. സംവിധാനം വരുന്നതോടെ ഓപ്പറേഷൻ തീയേറ്ററുകൾ അടക്കമുള്ളവ അവിടേക്ക് മാറ്റാനാകും. തകരാറിലായ ജനറേറ്റർ ശരിയാക്കിയിട്ടുണ്ടെന്നും ഇതിനു നേരത്തെ വർക്ക് ഓർഡർ നൽകിയിരുന്നതാണെന്നും പ്രസിഡന്റ് അറിയിച്ചു. ആശുപത്രിയുടെ തനതായ വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സൂപ്രണ്ട് തുടങ്ങിയതായും പൂർണതോതിലെത്താൻ സമയമെടുക്കുമെന്നും യോഗം വിലയിരുത്തി.