എടക്കര: തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് എടക്കര കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു. ഇടനിലക്കാരില്ലാതെ കർഷകർക്കു അവരുടെ ഉത്പന്നങ്ങൾ വിൽക്കുവാനും പൊതുജനങ്ങൾക്ക് വിലക്കുറവിലും വിഷരഹിതവുമായ കാർഷിക ഉത്പ്പന്നങ്ങൾ വാങ്ങുവാനുമുള്ള വേദിയായി ഞാറ്റുവേലച്ചന്ത മാറി. പഴം, പച്ചക്കറികൾ, വിത്തുകൾ, തൈകൾ, നടീൽ വസ്തുക്കൾ, നാടൻ വെളിച്ചെണ്ണ, കുടുംബശ്രീ ഉത്പ്പന്നങ്ങൾ, സന്പൂഷ്ടീകരിച്ച ജൈവ വളം, വളർത്തു മത്സ്യങ്ങൾ എന്നിവ ഞാറ്റുവേലച്ചന്തയിൽ വിറ്റഴിക്കപ്പെട്ടു.
മുണ്ടേരി വിത്തുകൃഷിത്തോട്ടത്തിൽ നിന്നെത്തിച്ച വെസ്റ്റ് കോസ്റ്റ് ടാൾ, ഹൈബ്രിഡ്, കുള്ളൻ എന്നീ തെങ്ങിനങ്ങൾ കർഷകർക്കു സബ്സിഡി നിരക്കിൽ വിതരണം ചെയ്തു. ചന്തയിലേക്കു കർഷകർ എത്തിച്ച വളർത്തുമത്സ്യങ്ങൾ, അലങ്കാര മത്സ്യങ്ങൾ, വാഴക്കുലകൾ, മുരിങ്ങക്കായ, കോഴിമുട്ട, വെളിച്ചെണ്ണ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ വിത്തിനങ്ങൾ, പച്ചക്കറികൾ, കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പ്് വഴിയെത്തിച്ച റംബുട്ടാൻ, കമുകിൻ തൈകൾ, തെങ്ങിനങ്ങൾ, വിവിധതരം പ്ലാവ്്, മാവിനങ്ങൾ എന്നിവയും വിറ്റഴിക്കപ്പെട്ടു. കർഷകരായ ഡേവിഡ്, ഷൈബി ബിനു, സാലി രാജൻ, ഡൊമിനിക്ക് പാഴൂപ്പള്ളി, റഹീം, കോമളവല്ലി തുടങ്ങി നിരവധി കർഷകർ ഞാറ്റുവേല ചന്തയിൽ അവരുടെ ഉത്പ്പന്നങ്ങൾ വിപണനത്തിനെത്തിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി ജെയിംസ് ചന്ത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷക്കുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നീതു തങ്കം, അസിസ്റ്റന്റ് കൃഷി ഓഫീസർ പി.വി. സതീഷ്, മുഹസിൻ മുജീബ്, മെന്പർമാർ സിന്ധു പ്രകാശ്, ലിസി തോമസ്, എഡിസി അംഗം വിനയരാജൻ, കൃഷി അസിസ്റ്റന്റുമാരായ എ. ശ്രീജയ്, രഞ്ജിമ, അജയകുമാർ, ഡേവിഡ്, ഷാജിമുകാർ, സിഡിഎസ് പ്രസിഡന്റ് സരള രാജപ്പൻ, സെയ്നുൽ ആബുദീൻ, ജോസഫ് എന്നിവർ പ്രസംഗിച്ചു.
കൃഷിഭവന്റെ സൗജന്യ വിത്തു വിതരണവും ഞാറ്റുവേല ചന്തയിൽ നടന്നു.