പെരിന്തൽമണ്ണ: വിദ്യാഭ്യാസ രംഗത്ത് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നായ ‘100-കെ മലപ്പുറം കോഡേഴ്സ്’ പദ്ധതി’ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിൽ പൈലറ്റ് പ്രോജക്ടായി നടപ്പാക്കും. പ്രാരംഭ പ്രവർത്തനം ഏലംകുളം പഞ്ചായത്തിൽ ആരംഭിച്ചു. 31 നകം മുൻകൂട്ടി ഓണ്ലൈനായി രജിസ്റ്റർ ചെയ്യുന്നവർക്കാണ് ക്ലാസുകൾ നൽകുക.
പരിശീലനം സൗജന്യമാണ്. നിർമിതബുദ്ധി, റോബോട്ടിക് എൻജിനീയറിംഗ്, കോഡിംഗ്, ക്രിപ്റ്റോ കറൻസി, ബ്ലോക്ക് ചെയിൻ തുടങ്ങി പുതിയ സാങ്കേതിക രംഗത്തെ മാറ്റങ്ങൾ സംബന്ധിച്ച് കുട്ടികളിലും രക്ഷിതാക്കളിലും അധ്യാപകരിലും അവബോധം സൃഷ്ടിക്കലാണ് പ്രധാന ലക്ഷ്യം. പുതിയ തലമുറയെ ഡിജിറ്റൽ രംഗത്തെ സങ്കേതങ്ങളെ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കും.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ പഞ്ചായത്തുകളിലെ വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാർ, ഹെഡ് മാസ്റ്റർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഏലംകുളം ഡിവിഷൻ അംഗം കെ.ടി. അഷറഫ് ആമുഖ പ്രഭാഷണം നടത്തി. ഇഡാപ്റ്റ് ലേണിംഗ് സെന്റർ സിഇഒയും പദ്ധതിയുടെ ജില്ലാ പഞ്ചായത്ത് നിയോഗിച്ച കോ-ഓർഡിനേറ്ററുമായ ഉമ്മർ അബു സലാം പദ്ധതി വിശദീകരണം നടത്തി.
ജയരാജൻ, ജിഎച്ച്എസ്എസ് പെരിന്തൽമണ്ണ, ഉമ്മർ ജിഎച്ച്എസ്എസ് ആലിപ്പറന്പ, പി.പി.
മുഹമ്മദ്, പിടിഎംഎയുപിഎസ് മുള്ള്യകുർശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അസീസ് പട്ടിക്കാട്, വൈസ് പ്രസിഡന്റ് കെ. വനജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയമു എന്ന മാനു, മെംബർമാരായ മുഹമ്മദ് നയിം, പ്രബീന ഹബീബ്, നാലകത്ത് ഷൗക്കത്ത്, റജിന, സൽമ, ഏലംകുളം ഡിവിഷൻ മെംബർ വാസുദേവൻ എന്നിവർ പ്രസംഗിച്ചു.