മലപ്പുറം: കോവിഡ് 19 വ്യാപനം ആശങ്കയായി തുടരുന്പോൾ പ്രതിരോധവുമായി മലപ്പുറം ജില്ലയും. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്ഫറൻസിലൂടെ വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതോടെ ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിലായി കോവിഷീൽഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചു. ആദ്യ ദിവസം ആരോഗ്യ പ്രവർത്തകർക്കാണ് പ്രതിരോധ മരുന്ന് നൽകിയത്. വാക്സിൻ വിതരണം വരും ദിവസങ്ങളിലും തുടരും.
മഞ്ചേരി ഗവ.മെഡിക്കൽ കോളജ്, നിലന്പൂർ ജില്ലാ ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കൊണ്ടോട്ടി താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, നെടുവ സാമൂഹിക ആരോഗ്യ കേന്ദ്രം, പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രി എന്നിവിടങ്ങളിലാണ് വാക്സിൻ നൽകിത്തുടങ്ങിയത്. വാക്സിനേഷൻ സ്വീകരിക്കുന്നവർക്ക് വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ നൽകിയിരുന്നു. വാക്സിനെടുത്തവർ 30 മിനിറ്റ് നേരം നിരീക്ഷണ മുറിയിൽ കാത്തിരുന്ന ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് തുടരും. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് നാലകത്ത് അബ്ദുറസാഖ് ആദ്യ വാക്സിൻ സ്വീകരിച്ചു.
പെരിന്തൽമണ്ണ കിംസ് അൽഷിഫാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് അഞ്ജന ആദ്യ വാക്സിൻ സ്വീകരിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ. മുഹമ്മദ് ഇസ്മയിൽ, അൽഷിഫാ ആശുപത്രി വൈസ് ചെയർമാൻ ഡോ.പി.ഉണ്ണീൻ, കോവിഡ് നോഡൽ ഓഫീസർ ഡോ.അനീഷ്, അൽഷിഫാ യൂണിറ്റ് ഹെഡ് കെ.സി.പ്രിയൻ, നഴ്സിംഗ് സൂപ്രണ്ട് ഷേർളി, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ കോവിഡ് പ്രതിരോധ വാക്സിൻ വിതരണം തുടങ്ങി. ജില്ലയിൽ കോവിഡ് വാക്സിൻ നൽകുന്നതിന്റെ ഭാഗമായി നിലന്പൂർ ജില്ലാ ആശുപത്രിയിലും വെള്ളിയാഴ്ച വാക്സിൻ എത്തിയിരുന്നു.
ദേശീയതലത്തിൽ വാക്സിൻ കൊടുക്കുന്നതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയതിനെ തുടർന്നാണ് വാക്സിൻ കുത്തിവെപ്പ് തുടങ്ങിയത്.
പ്രധാനമന്ത്രിയുടെ ഉദ്ഘാടന പരിപാടി പ്രത്യേക സ്ക്രീനിലൂടെ തത്സമയം ജില്ലാ ആശുപത്രിയിലും കാണിച്ചിരുന്നു. നേരത്തെ തീരുമാനിച്ച 100 പേരിൽ നിന്ന് 30 പേർക്ക് വാക്സിൻ നൽകാനാണ് വെള്ളിയാഴ്ച രാത്രി ജില്ലയിൽ നിന്ന് നിർദ്ദേശം വന്നത്.
കുത്തിവെപ്പെടുക്കുന്നവർക്കും അവർ വരേണ്ട സമയവും സ്ഥലവും കാണിച്ചുള്ള അറിയിപ്പ് മൊബൈൽ ഫോണിൽ വന്നിരുന്നു. എന്നാൽ ആദ്യദിനം നിലന്പൂർ ജില്ലാ ആശുപത്രിയിൽ കുത്തിവെപ്പെടുക്കാൻ 16 പേർ മാത്രമാണെത്തിയത്. കുത്തിവെപ്പെടുത്തതിനെ തുടർന്ന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നറിയാനായി 30 മിനിറ്റ് കാത്തിരുന്നു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ കുത്തിവെപ്പ് തുടരുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അബൂബക്കർ പറഞ്ഞു.
ജില്ലാ ടി.ബി.ഓഫീസർ ഡോ.അരുണ് ജേക്കബ്ബ്, ആരോഗ്യ വകുപ്പ് ടെക്നിക്കൽ അസിസ്റ്റന്റ് യു.കെ.കൃഷ്ണൻ എന്നിവർ ജില്ലയിൽ നിന്നെത്തി പ്രവർത്തനങ്ങൾക്ക് മേൽനോട്ടം നൽകി.
ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എൻ.അബൂബക്കർ, ആർഎംഒ ഡോ.പി.കെ.ബഹാവുദ്ദീൻ, ഡോ.കെ.കെ.പ്രവീണ, ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.എ.ചാച്ചി, ഹെൽത്ത് സൂപ്പർവൈസർ പി.ശബരീശൻ തുടങ്ങിയവരും ആശുപത്രിയിലെത്തി പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.