തിരുവനന്തപുരം: ആഘോഷരാവുകള്‍ക്ക് ആര്‍ഭാട പരിസമാപ്തി. ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് പ്രൗഡഗംഭീരമായ ഘോഷയാത്രയോടെ സമാപനം. ഘോഷയാത്രയില്‍ അണിനിരന്ന കേരളത്തിനുള്ളില്‍ നിന്നും പുറത്തുനിന്നുമുള്ള കലാരൂപങ്ങള്‍ അനന്തപുരിക്ക് നവ്യാനുഭവം പകര്‍ന്നു നല്കി.
വൈകുന്നേരം അഞ്ചിന് വെള്ളയമ്പലത്തു നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ 100 ഓളം കലാരൂപങ്ങളാണ് അണിനിരന്നത്. കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും അശ്വാരൂഢ സേനയും വിവിധ സേനാ വിഭാഗങ്ങളുടെ ബാന്‍ഡും ഘോഷയാത്രയെ വര്‍ണാഭമാക്കി.
പൂരക്കളി, വേലക്കളി, കേരള നടനം, മോഹനിയാട്ടം, അലാമികളി, ഒപ്പന, മാര്‍ഗംകളി, പൊയ്ക്കാല്‍ മയൂരനൃത്തം, മയിലാട്ടം, ഗരുഡന്‍പറവ, അര്‍ജുന നൃത്തം, ആഫ്രിക്കന്‍ നൃത്തം, പരിചമുട്ട് കളി തുടങ്ങിയവ ഘോഷയാത്രയുടെ മാറ്റുകൂട്ടി. ഇതു കൂടാതെ പത്തു സംസ്ഥാനങ്ങളുടെ തനതു കലാരൂപങ്ങളും ഘോഷയാത്രയില്‍ അവതരിക്കപ്പെട്ടു.
രാജസ്ഥാനില്‍നിന്നുള്ള ചക്രി നൃത്തം, മണിപ്പൂരിന്റെ തനതു കലാരൂപമായ ലായിഹരൗബ നൃത്തം, പഞ്ചാബിന്റെ ബംഗ്ര നൃത്തം, മഴദേവതയെ സ്തുതിക്കുന്നതിന് അവതരിപ്പിക്കുന്ന തമിഴ്നാടിന്റെ കരഗം നൃത്തം, കര്‍ണാടകയിലെ ഡോല് കുനിത നൃത്തം, മധ്യപ്രദേശിലെ ബദായ്, ജമ്മു കശ്മീരിലെ റൗഫ് നൃത്തം, ഗുജറാത്തിലെ റത്വ നൃത്തം, തെലങ്കാനയുടെ ലംബാഡി, ആന്ധ്രാപ്രദേശിന്റെ തപ്പാട്ട് ഗുലു നൃത്തം എന്നിവയെല്ലാം നഗരത്തില്‍ കാഴ്ച്ച വിസ്മയം ഒരുക്കി.
ഇതിനു പുറമേ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സഹകരണ മേഖലയില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് 80 ഓളം നിശ്ചല ദൃശ്യങ്ങള്‍ ഘോഷയാത്രയില്‍ അവതരിപ്പിച്ചു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തത്. ഫ്ളാഗ് ഓഫ് ചടങ്ങിൽ എംഎൽഎമാരായ സി.ദിവാകരൻ ,ഡി.കെ. മുരളി ,മേയർ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി.ബാലകിരൺ തുടങ്ങിയവരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസം മന്ത്രിമാർ, തുടങ്ങി നിരവധി പ്രമുഖർ ഘോഷയാത്രയുടെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചു.
ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഘോഷയാത്രയ്ക്കു കാഹളം മുഴക്കുന്ന വാദ്യോപകരണമായ കൊമ്പ് കൈമാറി. യൂണിവേഴ്സിറ്റി കോളജിനു മുന്നില്‍ തയാറാക്കിയ പവലിയനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാര്‍, മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം മന്ത്രിമാര്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ ഘോഷയാത്ര വീക്ഷിക്കാനെത്തിയിരുന്നു.
ഘോഷയാത്ര ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജനം വെള്ളയമ്പലത്തേക്ക് ഒഴുകിയെത്തി. റോഡിന്റെ ഇരുവശവും തിങ്ങി നിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കിയാണ് അതിജീവനത്തിന്റെ കൈയൊപ്പ് ചാർത്തിയ ഘോഷയാത്ര നീങ്ങിയത്. രാത്രി എട്ടോടെയാണ് ഘോഷയാത്ര അവസാനിച്ചത്.
സമാപന ദിനമായ ഇന്നലെ നിശാഗന്ധിയിൽ പിന്നണി ഗായകൻ കാർത്തിക് അവതരിപ്പിച്ച ഗാനമേള ആസ്വാദകർക്ക് ഹരമായി.