കോഴിഫാമിൽ ഷോക്കേറ്റ് മരണം: ഉടമയുൾപ്പെടെ രണ്ടുപേർ റിമാൻഡിൽ
1461154
Tuesday, October 15, 2024 1:20 AM IST
കാട്ടാക്കട : തൊഴിലുറപ്പ് ജോലിക്കിടെ കോഴിഫാമിലെ അന ധികൃത വൈദ്യുത കമ്പിയിൽ തട്ടി തൊഴിലാളിയായ വയോധിക വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തിൽ കോഴിഫാം ഉടമ മാറനല്ലൂർ കോട്ടമുകൾ കാർത്തികയിൽ അരവിന്ദ് (ശംഭു-38), സഹായി ചീനിവിള അനൂപ് ഭവനിൽ രാഹുൽ (27) എന്നിവരെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ് തതിനെ തുടർന്നു കോടതി റിമാൻഡു ചെയ്തു.
ശനിയാഴ്ച രാവിലെ ഒന്പതരയോടെയാണ് അപകടമുണ്ടായത്. വെള്ളൂർക്കോണം മുല്ലപ്പള്ളിക്കോണത്ത് പ്രവർത്തിക്കുന്ന കോഴി ഫാമിന് സമീപമായിരുന്നു വയോധികയായ വത്സല ജോലി ചെയ്തിരുന്നത്. സ്വകാര്യ പുരയിടത്തിൽ തെങ്ങിൻ തൈ നടുന്ന ജോലിയിലായിരുന്നു വത്സലയും മറ്റു രണ്ടു തൊഴിലാളികളും. ഇവർ ജോലി ചെയ്തിരുന്നതിനു സമീപത്തായാണു കോഴിഫാം പ്രവർത്തിച്ചിരുന്നത്.
തെരുവ് നായ്ക്കളും ഇഴജന്തുക്കളും ഫാമിനുള്ളിലേക്കു കടക്കുന്നതു തടയുന്നതിനുവേണ്ടി വൈദ്യുതി കടത്തിവിട്ട കമ്പികൾ ഫാമിനു ചുറ്റും സ്ഥാപിച്ചിരുന്നു. വത്സല കുഴിയെടുക്കുന്നതിനിടെ മൺവെട്ടി കമ്പിയിൽ തട്ടുകയും ഷോക്കേൽക്കുകയുമായിരുന്നു. വത്സലയുടെ നിലവിളി കേട്ട് ഒപ്പം ജോലി ചെയ്തിരുന്ന ശ്യാമള വത്സമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇവർക്കും വൈദ്യുതാഘാതമേൽക്കുകയും മറ്റൊരിടത്തേക്ക് തെറിച്ചു വീഴുകയുമായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തുകയും കെഎസ്ഇബി അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
അധികൃതരെത്തി വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷമാണു വത്സലയെ കമ്പിയിൽ നിന്നും മാറ്റാൻ കഴിഞ്ഞത്. എന്നാൽ അപ്പോഴേയ്ക്കും വത്സലയുടെ മരണം സംഭവിച്ചിരുന്നു. അംബികദേവിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ രണ്ടര വർഷമായി യാതൊരുവിധ സുരക്ഷാ മുൻ കരുതലുകളും പാലിക്കാതെയാണ് ഫാം പ്രവർത്തിച്ചതെന്ന് കെഎസ്ഇബി വ്യക്തമാക്കി.