നെട്ടയം പൊതുചന്തയിലെ വ്യാപാരികൾ ദുരിതത്തിൽ
1461145
Tuesday, October 15, 2024 1:20 AM IST
പേരൂർക്കട: പൊതുജനങ്ങൾ വ്യാപാരസാധനങ്ങൾ വാങ്ങാൻ എത്തുന്നത് കുറഞ്ഞതോടെ നെട്ടയം പൊതു മാർക്കറ്റിലെ വ്യാപാരികൾ ദുരിതത്തിലെന്ന് കച്ചവടക്കാർ.
കഴിഞ്ഞ കുറച്ചു മാസങ്ങളായി കച്ചവടം കുറവാണെന്നും പൊതുജനം മാർക്കറ്റിലേയ്ക്കെത്തുന്നില്ലെന്നും വ്യാപാരികൾ. ചന്തയിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാലാണ് പൊതുജനം ഇവിടേക്ക് എത്താത്തതെന്നും ആക്ഷേപമുണ്ട്.
വർഷങ്ങൾക്കു മുമ്പ് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തിരുന്നു എന്നാൽ, അത് പര്യാപ്തമല്ലെന്നാണ് കച്ചവടക്കാർ ആരോപിക്കുന്നത്. ചന്തയിലെ ഇന്റർലോക്ക് നടപ്പാത ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതായി നാട്ടുകാരും ആരോപിക്കുന്നു.
ഇന്റർലോക്കുകളിൽ മലിനജലം കെട്ടിനിൽക്കുന്നതിനാൽ ദുർഗന്ധവും ഉണ്ടാകുന്നതായി ആരോപണം ഉണ്ട്. മേൽക്കൂരയിൽ പലയിടത്തും ചോർച്ചയുള്ളതായും കച്ചവടക്കാർ പറയുന്നു. ചന്തയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചെങ്കിൽ മാത്രമേ പൊതുമാർക്കറ്റ് സജീവമാകുകയുള്ളൂ എന്നാണ് കച്ചവടക്കാരും നാട്ടുകാരും പറയുന്നത്.