തെരുവുനായ ശല്യം വർധിക്കുന്നതായി പരാതി
1460961
Monday, October 14, 2024 5:58 AM IST
തിരുവനന്തപുരം: തെരിവുനായ്ക്കളുടെ താവളമായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരവും മാറിയിട്ട് മാസങ്ങള്‍ ഏറെയായി. പകലും രാത്രിയും എന്നുള്ള വേര്‍തിരിവ് ഇല്ലാതെയാണ് ബസ് സ്റ്റാന്‍ഡ് പരിസരവും റെയില്‍വേ സ്റ്റേഷന് പരിസരവും തെരിവുനായ്ക്കള്‍ അടക്കി വാഴുന്നത്. രണ്ടിടങ്ങളിലും യാത്രക്കാരുടെ ഇടയിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കള്‍ പലപ്പോഴും കൂട്ടമായി എത്തി കടിപിടി കൂടുന്നതും വിരണ്ടോടുന്നതും യാത്രക്കാര്‍ക്ക് ഏറെ ഭീഷണിയുണ്ടാകുന്നതായി ആരോപണമുയരുന്നു.
റെയില്‍വേ സ്റ്റേഷനില്‍ നായ്ക്കള്‍ ഏറെയും ഒന്നും രണ്ടും പ്ലേറ്റ് ഫോമുകളിലാണ് തമ്പടിച്ചിരിക്കുന്നത്. യാത്രക്കാരുടെ സീറ്റിനടിയില്‍ കിടന്നുറങ്ങുന്ന നായ്ക്കളുടെ ദേഹത്ത് അറിയാതെന്നു മുട്ടിയാല്‍ കടി ഉറപ്പാണ്. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് അടുത്തിടെ നായ്ക്കളുടെ ആക്രമണമേറ്റതായി യാത്രക്കാര്‍ പറയുന്നു. പലപ്പോഴും നായ്ക്കള്‍ തമ്മില്‍ കടിപിടി കൂടുമ്പോഴാണ് യാത്രികര്‍ക്കും കടിയേല്‍ക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ ഏകദേശം പത്തിലേറെ തെരിവുനായ്ക്കള്‍ തമ്പടിച്ചിരിക്കുന്നതായിട്ടാണ് യാത്രക്കാര്‍ പറയുന്നത്.
കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിലെയും അവസ്ഥ മറ്റൊന്നല്ല. ഇവിടെയും 25-ല്‍ ഏറെ നായ്ക്കളാണ് തമ്പടിച്ചിരിക്കുന്നത്. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണ വസ്തുക്കളും മറ്റ് പാഴ് വസ്തുക്കളുമാണ് നായ്ക്കളെ ഏറെയും ഈ ഭാഗത്തേയ്ക്ക് ആകര്‍ഷിക്കുന്നത്. നിരവധി ബസ് യാത്രികര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റതായി ഓട്ടോ തൊഴിലാളികളും പൊതുജനങ്ങളും ആരോപിക്കുന്നു. 50 മീറ്റര്‍ മാത്രം അകലത്തിലുള്ള ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്നുമാണ് നായ്ക്കള്‍ റെയില്‍വേ സ്റ്റേഷനിലും എത്തുന്നത്.
പകല്‍ സമയങ്ങളില്‍ വിവിധയിടങ്ങളില്‍ കഴിച്ചു കൂട്ടുന്ന തെരിവുനായ്ക്കള്‍ സന്ധ്യമയങ്ങുന്നതോടെ ബസ് സാന്‍ഡും റെയില്‍വേ സ്റ്റേഷന് പരിസരത്തിന്റെയും നിയന്ത്രണം ഏറ്റെടുക്കുന്നതായിട്ടാണ് പൊതുജനങ്ങളും സമീപവാസികളും ആരോപിക്കുന്നത്.
റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും ജീവനക്കാര്‍ നായ്ക്കളെ വിരട്ടി ഓടിക്കാത്തതാണ് തെരിവുനായ്ക്കള്ക്ക് അനുഗ്രഹമായി മാറിയതെന്നും ആരോപണമുണ്ട്. നിരവധി പരാതികള്‍ നല്‍കിയെങ്കിലും വിഷയത്തില്‍ യാതൊരുവിധ നടപടികളും നാളിതുവരെ കൈകൊണ്ടിട്ടില്ല എന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.
പുറത്തിറങ്ങാനാകാതെ തൊഴുവന്‍കോട്ട് നിവാസികൾ
പേരൂര്‍ക്കട: തൊഴുവന്കോട്ടും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായതോടുകൂടി വീടുകളില്‍ നിന്നുപോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്ന് പരാതി. മണ്ണാംമൂല റോഡില്‍ നിന്ന് തൊഴുവന്കോട്ടേയ്ക്ക് വരുന്ന ഭാഗത്താണ് തെരുവുനായ ശല്യം രൂക്ഷമായി തുടരുന്നത്.
പകല്‍ സമയങ്ങളില്‍ പത്തോളം തെരുവ് നായ്ക്കളാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ഇവ പ്രദേശത്തെ വീടുകള്‍ക്ക് സമീപം കൂട്ടംകൂടി കിടക്കുന്നതാണ് വീട്ടുകാരെ ദുരിതത്തിലാക്കുന്നത്. രൂക്ഷമായിക്കൊണ്ടിരിക്കുന്ന മാലിന്യ നിക്ഷേപമാണ് തെരുവുനായ ശല്യത്തിന് ഒരു കാരണം. വിവിധ സ്ഥലങ്ങളില്‍ നിന്ന് തൊഴുവന്‍കോട് ഭാഗത്ത് എത്തി ഇവിടെ തമ്പടിക്കുന്ന നായ്ക്കളും നിരവധിയുണ്ട്.
മാലിന്യങ്ങളില്‍ ആഹാരം അന്വേഷിച്ചു എത്തുന്ന നായ്ക്കള്‍ പിന്നീട് ഇവിടെ സ്ഥിരം താവളമാക്കുന്നു. രാപ്പകല്‍ ഭേദമില്ലാതെ ഗേറ്റുകളുടെ സമീപത്ത് ഇവ കൂട്ടംകൂടി കിടക്കുന്നത് കുട്ടികള്‍ക്കുവരെ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വന്ധ്യംകരണം നടത്തി എന്ന വ്യാജേന പ്രദേശത്ത് കൊണ്ടുവിടുന്ന നായ്ക്കളാണ് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നതെന്ന് നാട്ടുകാർ പറയുന്നത്. ഇടറോഡുകളില്‍ നിന്ന് വളവ് തിരിഞ്ഞു വരുന്ന ഭാഗത്ത് തമ്പടിക്കുന്ന നായ്ക്കൂട്ടം നിരവധിപേരെ ആക്രമിച്ചിട്ടുണ്ട്.
ഇരുചക്രവാഹന യാത്രക്കാര്‍ പലപ്പോഴും അപകടത്തിൽപെടാറുണ്ട്. കാഞ്ഞിരംപാറ വാര്‍ഡിന്റെ പരിധിയിലുള്ള പ്രദേശമാണ് ഇവിടം. നായ്ക്കളുടെ വന്ധ്യംകരണം നഗരസഭ ഫലപ്രദമായി നടത്താത്തതും മറ്റു സ്ഥലങ്ങളില്‍ വസിച്ചിരുന്ന തെരുവുനായ്ക്കളെ ഇവിടെ കൊണ്ടുവിടുന്നതുമാണ് തൊഴുവന്‍കോട്ടെ നായശല്യം രൂക്ഷമായി തുടരുന്നതിനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു.