ഇനി അറിവിന്റെ ലോകത്തേക്ക്...
1460960
Monday, October 14, 2024 5:58 AM IST
തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ജില്ലയിലെ പ്രമുഖ ദേവാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശ്രമങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നു. രാജ് ഭവനില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് 55 കുട്ടികളെ എഴുത്തിനിരുത്തി. കേരള രാജ് ഭവന് ഓഡിറ്റോറിയതില്‍ സജ്ജമാക്കിയ വേദിയിലായിരുന്നു ചടങ്ങ്.
വിദ്യാരംഭച്ചടങ്ങിനും പൂജയ്ക്കും നേതൃത്വവും മാര്‍ഗനിര്‍ദേശവും നല്കിയ ആചാര്യന് എസ്.ഗിരീഷ് കുമാര്‍, പ്രഫ. പൂജപ്പുര കൃഷ്ണന് നായര്‍, എന്‍ രാജീവ്, എം. ശങ്കരനാരായണന്, അര് .രാജേന്ദ്രന്, ഡി .ഭഗവല്‍ദാസ് എന്നിവരെ ചടങ്ങിനുശേഷം ഗവര്‍ണര്‍ ആദരിച്ചു. ശിശുക്ഷേമ സമിതിയില്‍ കടകംപള്ളി സുരേന്ദ്രന് എംഎല്‍എ കുട്ടികളെ ആദ്യക്ഷരമെഴുതിച്ചു.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തില്‍ ആയിരത്തിലേറെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ഇടവക വികാരി വൈ.എം.എഡിസന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി.
നേമം: നേമത്ത് വിജയദശമിദിനമായ ഇന്നലെ ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു. കരമന നീറമൺകര, കൈമനം, കരുമം, പാപ്പനംകോട്, വെള്ളായണി, നേമം, പ്രാവച്ചമ്പലം, മൊട്ടമുട്, നരുവാമുട്' ഊക്കോട്, കാക്കാ മുലതുടങ്ങിയ സ്ഥലങ്ങളിലെക്ഷേത്രങ്ങളിലും വിവിധ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടന്നു.
വെള്ളായണി ദേവീക്ഷേത്രത്തിൽ ഡോ.മുടവൂർപാറ ശിവകുമാർ മഞ്ജു വെള്ളായണി, ക്ഷേത്ര മുത്ത വാത്തി ശിവകുമാർ, പാപ്പനംകോട്പട്ടാരത്ത് ചാമുണ്ഡി ക്ഷേത്രത്തിൽ ഷാൻ പോറ്റി പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂളിൽ വിഘ്നേഷ് പദ്മനാഭ അയ്യർ എന്നിവർ കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു.
ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രം വെള്ളായണി ചെറുബാല ശിവക്ഷേത്രം തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പാപ്പനംകോട് തൂമരിമുട്ടം മഹാവിഷ്ണു ക്ഷേത്രം കൂടാതെ വിവിധ കൾച്ചറൽ സൊസൈറ്റികളുടെ നേതൃത്വത്തിൽ ഭരതനാട്യം, കുച്ചുപ്പുടി, വയലിൻ, വീണ, ഗിത്താർ, ചിത്രരചന എന്നിവയിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. രാവിലെ ക്ഷേത്രങ്ങളിൽ പ്രത്യേകപുജകളും വിദ്യാരംഭത്തോടനുബന്ധിച്ച് നടന്നു.
പോത്തന്‍കോട്: ശാന്തിഗിരി ആശ്രമത്തില്‍ പ്രാര്‍ഥനാലയത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങുകള്‍ക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നേതൃത്വം നല്കി.
നൂറോളം കുരുന്നുകളാണ് ആശ്രമത്തില്‍ നിന്നും അറിവിന്റെ ലോകത്തിലേക്ക് കടന്നത്. ഉച്ചയ്ക്ക് ഗുരുദര്‍ശനവും വിവിധ സമര്‍പ്പണങ്ങളും നടന്നു.
നെടുമങ്ങാട് : മുഖവൂർ ശ്രീമഹാവിഷ്ണുസ്വാമി ക്ഷേത്രത്തിൽ തിരുവാതിര, മ്യൂസിക് ഫ്യൂഷൻ, വാഹനപൂജ, വിദ്യാരംഭം, ഉറിയടി, ഷോർട്ട് ഫിലിം പ്രദർശനം എന്നിവയോടെ വിജയദശമി ആഘോഷിച്ചു.
നിർധനരായ 110 പേർക്ക് അഞ്ച് കിലോ അരി സൗജന്യമായി വിതരണം ചെയ്തു. ക്ഷേത്ര ശാന്തി പാർഥസാരഥി, അജയകുമാർ, പളനി എന്നിവരാണ് കുട്ടികൾക്ക് ഹരിശ്രീ പകർന്നു നൽകിയത്.
പാറശാല: ചെങ്കൽ ശ്രീ ശിവപാര്‍വതി ക്ഷേത്രത്തിൽ പ്രതേകം തയാറാക്കിയ നവരാത്രി മണ്ഡപത്തില്‍ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന വിജയദശമി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ മാനേജര്‍ ടി.സതീഷ്കുമാറിന്റെ സാന്നിധ്യത്തില്‍ പ്രിന്‍സിപ്പല്‍ എസ്.പുഷ്പവല്ലി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.
നിരവധി കുരുന്നുകള്‍ അക്ഷര ദീപം തെളിയിച്ചു.
വെഞ്ഞാറമൂട്: വിജയദശമി ദിനത്തിൽ വെഞ്ഞാറമൂട് മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു.
പിരപ്പൻകോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്രം , അണ്ണൽ ദേവീ ക്ഷേത്രം , കാവറ ഭഗവതി ക്ഷേത്രം , ആലന്തറ ശ്രീ ധർമ ശാസ്താ ക്ഷേത്രം , മത്തനാട് ശ്രീ ദുർഗാ ദേവീ ക്ഷേത്രം , പുള്ളിപച്ച ശ്രീ ധർമ ശാസ്താ ക്ഷേത്രം തുടങ്ങിയഇടങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിച്ചു.
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കരയിലെയും സമീപപ്രദേശങ്ങളിലെയും ക്ഷേത്രങ്ങളിലും ഗ്രന്ഥശാലകളിലും വിദ്യാരംഭ ദിനമായ ഇന്നലെ നൂറു കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടന്നു.
അരുവിപ്പുറം മഠത്തിലും നെയ്യാറ്റിന്‍കര മേലേ തെരുവ് ശ്രീ മുത്താരമ്മൻ ക്ഷേത്രം, പുള്ളിയില്‍ പെരുങ്ങേലിപ്പുറത്ത് ഭഗവതി ക്ഷേത്രം, പവതിയാന്‍വിള തിരുനാരായണപുരം പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാലയ്ക്കാപറമ്പ് ശ്രീബാല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, മരുത്തൂര്‍ ഹനുമാന് ക്ഷേത്രം എന്നിവിടങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.