സാഹിത്യോത്സവ വേദികൾ നാടിന് അനിവാര്യം: ശശി തരൂർ എംപി
1460957
Monday, October 14, 2024 5:58 AM IST
പോത്തൻകോട്: എഴുത്തുകാരും വായനക്കാരും ഒരുമിക്കുന്ന സാഹിത്യോത്സവത്തിന്റെ വേദികൾ നാടിന് അനിവാര്യമാണെന്നു ഡോ. ശശി തരൂർ എംപി. ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ചു നടക്കുന്ന സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി.
എഴുതിയതു വായിക്കാൻ ആളില്ലെങ്കിൽപിന്നെ എഴുത്തിന് അർഥമില്ല. വായനക്കാർക്ക് എന്ത് ഇഷ്ടപ്പെട്ടു, എന്ത് ഇഷ്ടപ്പെട്ടില്ല, പുസ്തകങ്ങൾ അവരുടെ ജീവിതത്തിൽ എന്തു മാറ്റങ്ങളുണ്ടാക്കി, ഇതാണ് അറിയേണ്ടത്.
അതിനുള്ള ഇടമുണ്ടാകണം. എഴുത്തുകാരും വായനക്കാരും ഒരുമിക്കുന്ന സാഹിത്യോത്സവത്തിന്റെ വേദികൾ നാടിന് അനിവാര്യമാണെന്നും ജനമനസുകളിൽ സാഹിത്യത്തിന്റെ സന്തോഷം എത്തിക്കുയെന്നതാണു ശാന്തിഗിരി സാഹിത്യോത്സവത്തിന്റെ ലക്ഷ്യമെന്നും എംപി വ്യക്തമാക്കി.
തലസ്ഥാനനഗരിയിൽ സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നതിന് 2006 മുതൽ പ്രവർത്തിക്കുന്ന ആളാണു താനെന്നും ഇന്നു സർക്കാർ തലത്തിൽ നിയമസഭയിൽ പോലും സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ ഏറെ സന്തോഷമുണ്ടെന്നും എംപി കൂട്ടിച്ചേർത്തു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാന തപസ്വി മഹനീയ സാന്നിധ്യമായി. കമ്മ്യൂണിക്കേഷൻസ് വിഭാഗം അസോസിയേറ്റ് എഡിറ്റർ അനിൽ ചേർത്തല സാഹിത്യോത്സവത്തിന്റെ ആശയാവതരണം നടത്തി.
ജനനി കല്പന, ജനനി കൃപ, ജനനി വന്ദിത, സബീർ തിരുമല, ജയപ്രകാശ്.എ, ജയൻ പോത്തൻകോട്, ഡോ. സ്വപ്ന ശ്രീനിവാസൻ, കെ.ജി. ആശാലത എന്നിവരും പങ്കെടുത്തു.