നൊമ്പരത്തിൽ മുങ്ങിയ ചീനിവിള ഗ്രാമം വത്സലയ്ക്കു വിടനൽകി
1460953
Monday, October 14, 2024 5:58 AM IST
കാട്ടാക്കട: ശനിയാഴ്ച മാറനല്ലൂർ പഞ്ചായത്തിലെ ചീനിവിള ഗ്രാമം ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. ഷോക്കേറ്റു വത്സല മരിച്ച വിവരം ആർക്കും വിശ്വസിക്കാനുമായില്ല. ആ വിതുമ്പലാണ് ഇന്നലെ വത്സലയുടെ സംസ്കാര ചടങ്ങുകളിൽ കണ്ടത്.
നാട്ടിലെ സകലർക്കും പ്രിയങ്കരിയായിരുന്നു വത്സല. തൊഴിലുറപ്പു തൊഴിൽ കഴിഞ്ഞിട്ടും എന്തു ജോലിയും ചെയ്യാൻ തയാറായിരുന്ന ഇവർ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു. അതാണ് നാട്ടുകാരെ ഏറെ വേദനിപ്പിക്കുന്നതും. സാമ്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്നതാണ് വത്സലയുടെ കുടുംബം. ഇവരുടെ മരണത്തോടെ ഇപ്പോൾ ആകെയുള്ള വരുമാനം കൂടി നിലച്ചിരിക്കുകയാണ്.
ചീനിവിള അഞ്ചറവിള ലക്ഷംവീട് നിവാസിയായ വത്സലയ്ക്കു ശനിയാഴ്ചയാണു ഷോക്കേറ്റത്. അംബിക ദേവിയുടെ പുരയിടത്തിൽ സ്വകാര്യവ്യക്തിയായ മാറനല്ലൂർ സ്വദേശി അരവിന്ദ് നടത്തുന്ന കോഴിഫാമിൽ നിന്നാണ് ഇവർക്കു ഷോക്കേറ്റത്. ഒരു ജോലിക്കും മടിയില്ലാത്ത ഇവർ കോഴിഫാമിൽ തെങ്ങിൻതൈ നടാൻ കുഴി എടുക്കുന്നതിനു മുൻപായി മൺവെട്ടി കൊണ്ടു വെട്ടിയപ്പോൾ കോഴി ഫാമിന്റെ അഴികളിൽ മൺവെട്ടി കുടുങ്ങിയ പ്പോഴാണ് ഷോക്കേറ്റതും സംഭവസ്ഥലത്തു തന്നെ മരിച്ചതും.
കോഴിഫാമിൽ കെട്ടിയ കമ്പി വലയിൽ വൈദ്യുതി കടത്തി വിടുന്നത് അനധികൃതമാണെന്നു വൈദ്യുതി ബോർഡ് പറയുന്നു. എന്നാൽ മാസങ്ങളായി ഇത്തരത്തിൽ വൈദ്യുതി കടത്തിവിട്ട വിവരം ബോർഡ് അറിഞ്ഞിരുന്നുവെന്ന് പരക്കെ ആക്ഷേപമുയരുന്നുണ്ട്.
വൈദ്യുതി ബോർഡിന്റെ രഹസ്യമായ അറിവോടെയാണ് ഉടമ ഇപ്രകാരം ചെയ്തിരു ന്നതെന്നും പരാതിയുണ്ട്. ഉടമയെ മാറനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തി ട്ടുണ്ട്. ഇതോടെ ഇതിനു മുൻപും ഇത്തരത്തിൽ പലർക്കും ഇവിടെനിന്നു ഷോക്കേറ്റ വിവരവും പുറത്തു വന്നിട്ടുണ്ട്.
അതിനിടെ തൊഴിലുറപ്പ് ജോലിക്കിടെ കമ്പിവലയിൽ നിന്നും ഷോക്കേറ്റു മരണം സംഭവിച്ചതിൽ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നുള്ള ആവശ്യവും ഉയർന്നു. അവധി ദിവസങ്ങളിൽ പോലും തൊഴിലുറപ്പു തൊഴിലാളികളെ അതു ബാധകമാക്കാതെ തൊഴിലെടുപ്പിക്കുന്നതു മനുഷ്യാവകാശ ലംഘനമാണെന്നും ആക്ഷേപമുണ്ട്.