ജയിലിൽനിന്ന് ചികിത്സയ്ക്കെത്തിച്ച പ്രതി മുങ്ങി, പിന്നീട് പിടിയിൽ
1460794
Saturday, October 12, 2024 6:09 AM IST
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിച്ച പ്രതി ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടന്നു. തൊട്ടുപിന്നാലെ ഇയാളെ പിടികൂടി.
കാഞ്ഞിരംകുളം സ്വദേശി വിനു (40) ആണ് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് കടക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ 11 ഓടെയായിരുന്നു സംഭവം. ജയിൽ ഉദ്യോഗസ്ഥരും പോലീസും നടത്തിയ പരിശോധനയിൽ ആശുപത്രി വളപ്പിലെ കുറ്റിക്കാട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പീഡനക്കേസിൽ വിചാരണതടവുകാരനാണ് ഇയാൾ. ഹ്യദയസംബന്ധിയായ ചികിത്സയ്ക്കാണ് വിനുവിനെ കൊണ്ടു വന്നത്.
ആശുപത്രിയിലെ ഒപി ബ്ലോക്കിൽ എക്സ്റേ എടുക്കാനായി കൊണ്ടു പോകുമ്പോൾ തിരക്കിനിടയിലൂടെ രക്ഷപ്പെടുകയായിരുന്നു ഇയാൾക്കെതിരെ കടന്നു കളയാൻ ശ്രമിച്ചതിന് മറ്റൊരു കേസുമെടുത്തു.
വിനുവിനെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം തിരികെ സെൻട്രൽ ജയിലിൽ എത്തിക്കും.