സമൂഹമാധ്യമങ്ങൾ വസ്തുതകളെ മുഖംമൂടിയണിയിച്ച് അവതരിപ്പിക്കുന്നു: ജില്ലാകളക്ടർ അനുകുമാരി
1460791
Saturday, October 12, 2024 6:09 AM IST
പോത്തൻകോട് : സാമൂഹ്യമാധ്യമങ്ങൾ മുഖംമൂടിയണിഞ്ഞ കാര്യങ്ങൾക്ക് അമിതമായ പ്രാധാന്യ നൽകുന്നുവെന്നും സുന്ദരമെന്ന് കരുതുന്ന അത്തരം കാര്യങ്ങളോടുളള അടങ്ങാത്ത ദാഹമാണ് സമൂഹത്തിൽ അനാവശ്യമായ പ്രവണതകൾ സൃഷ്ടിക്കുന്നതെന്നും ജില്ലാകളക്ടർ അനുകുമാരി ഐഎഎസ്. ശാന്തിഗിരി ഫെസ്റ്റിനോടനുബന്ധിച്ച് പെൺകുട്ടികളുടെ സംസ്കാരികവിഭാഗമായ ഗുരുമഹിമ അന്താരാഷ്ട്ര ഗേൾസ് ഡേയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടർ. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആവശ്യം ഇന്നില്ല.
കാരണം അവർ ശക്തിയുളളവരാണ്. ശക്തിപ്പെടുത്തേണ്ടത് പെൺകുട്ടികൾ ജീവിക്കുന്ന സാഹചര്യത്തെയാണ്. ഒരാൾ അറിയപ്പെടേണ്ടത് തൊഴിൽമേഖലയെ അടിസ്ഥാനമാക്കിയല്ല. വ്യക്തിത്വത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ആത്മസംതൃപ്തി ലഭിക്കുന്ന നിലയിൽ ഒരു ലക്ഷ്യത്തെ മനസ്സിൽ ഉറപ്പിച്ച് അതിനായി അഹോരാത്രം പ്രവർത്തിച്ച് നേടണമെന്നും സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചുകൊണ്ട് കളക്ടർ പറഞ്ഞു.
മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ അദ്ധ്യക്ഷത വഹിച്ചു. ജനനി വന്ദിത, ജനനി കരുണദീപ്തി, ജനനി സുകൃത, ജനനി കരുണശ്രീ, കുമാരി മിന്ന രജ്ഞിത്ത്, ബ്രഹ്മചാരിണി ശാന്തിദത്ത, കുമാരി നൗറീൻ ഫാത്തിമ, ശിവന്യ വേണുഗോപാൽ, കുമാരി നന്മപ്രിയ എന്നിവർ പ്രസംഗിച്ചു.