കായികരംഗത്ത് നേട്ടങ്ങള്‍ കൊയ്ത് തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂള്‍
1460519
Friday, October 11, 2024 6:20 AM IST
തിരുവനന്തപുരം: വിവിധ കായികമത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കി തിരുവനന്തപുരം സെന്റ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അഭിമാനാര്‍ഹമായ വിജയം കരസ്ഥമാക്കി. സംസ്ഥാനതല ജിംനാസ്റ്റിക് സ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റു നേടി മൂന്നാം തവണയും ചാമ്പ്യന്‍ സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.
ഒന്‍പതു സ്വര്‍ണവും ആറു വെള്ളിയും ഏഴു വെങ്കലവും നേടി 70 പോയിന്റോടെയാണു സെന്റ് ജോസഫ്സ് സ്കൂള്‍ നേട്ടം കൈവരിച്ചത്. സംസ്ഥാന സ്കൂള്‍ ഫുട്ബോള്‍ മത്സരത്തില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ തിരുവനന്തപുരം ജില്ലാടീമിലെ 11 പ്രധാന കളിക്കാരില്‍ എട്ടുപേരും ഈ വിദ്യാലയത്തിലെ കായികതാരങ്ങളാണ്.
ജിംനാസ്റ്റിക്സില്‍ മൂന്നു സ്വര്‍ണം കരസ്ഥമാക്കിയ മിന്‍ഹാജ് എസ്. സാജ്, രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ഹരിഗോവിന്ദ്, മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ആദര്‍ശ്, ഒരു സ്വര്‍ണവും ഒരു വെങ്കലവും കരസ്ഥമാക്കിയ ബാദുഷ, ഒരു വെള്ളിയും രണ്ടു വെങ്കലവും കരസ്ഥമാക്കിയ ശ്രീരാഗ് എസ്. രാജേഷ്,
രണ്ട് വെങ്കലം കരസ്ഥമാക്കിയ രോഹിത് ആര്. ജി. എന്നീ കായിക പ്രതിഭകളെയും മറ്റു താരങ്ങളെയും സ്കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു. ഗെയിംസ് ഇനങ്ങളില്‍ സംസ്ഥാന-ദേശീയതലങ്ങളില്‍ സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതില്‍ അധ്യാപകരുടെ പങ്കും പ്രശംസാര്‍ഹമാണ്.