സ്വപ്ന നായികയായി നവ്യാനായർ അരങ്ങിൽ
1459997
Wednesday, October 9, 2024 8:05 AM IST
തിരുവനന്തപുരം: വിരഹത്തിന്റെ കനലിലെരിയുന്ന നായികയുടെ ഭാവതീവ്രതയുമായി ചലച്ചിത്ര താരം നവ്യാനായർ സൂര്യോത്സവത്തിന്റെ അരങ്ങിൽ നിറഞ്ഞാടി. സൂര്യ നൃത്തസംഗീതോത്സവത്തിന്റെ എട്ടാം സന്ധ്യയിലാണ് നവ്യാ നായരുടെ ഭരതനാട്യം അരങ്ങേറിയത്.
നന്ദനത്തിലെ കുറുന്പുകാരിയായ ബാലാമണിയായി പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന നവ്യാനായർ ഇന്നലെ വിരഹനായികയായും അചഞ്ചലയായ നായികയായും മാറി.
സ്വാമിയെ അഴൈയ്ത്തുവാ... എന്ന നവരാഗമാലികയിലെ വർണത്തിൽ തന്റെ നാഥനായ പരമശിവനെ കാത്തിരിക്കുന്ന നായികയുടെ വിങ്ങൽ നവ്യ ആവാഹിച്ചു. സഖിയോട് തന്റെ പ്രിയതമനെ കൂട്ടി കൊണ്ടുവരാൻ പറയുന്ന നായികയുടെ പ്രണയതാപം നർത്തകി അതിസൂക്ഷ്മമായി അവതരിപ്പിച്ചു.
വേർപാടിന്റെ വേദനയിൽ വിവശയായ നായിക സ്വപ്നസഞ്ചാരിണിയായി മാറി പ്രിയന്റെ സാമീപ്യം അനുഭവിക്കുന്നതും നവ്യാ നായർ മനോഹരമാക്കി. വർണത്തെ തുടർന്നു നവ്യാ നായർ അവതരിപ്പിച്ച തെലുങ്ക് ജാവളിയിലെ നായിക അലർശരന്റെ ബാണങ്ങളേറ്റ് തളരാത്തവളായിരുന്നു. കാമുകന്റെ മധുരവാക്കുകളിൽ പതറാത്ത നായികയ്ക്ക് നവ്യാ നായർ ഭാവം പകർന്നു. അമൃതവർഷിണി രാഗത്തിലെ ഗണേശപുഷ്പാഞ്ജലിയോടെയായിരുന്നു ഇന്നലെ നവ്യാ നായർ അരങ്ങിലെത്തിയത്.