ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് തീപിടിച്ചു
1459984
Wednesday, October 9, 2024 8:05 AM IST
കാട്ടാക്കട: വിളപ്പിൽശാലയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിന് തീപിടിച്ചു. ആളപായമില്ല. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. വിളപ്പിൽശാല സരസ്വതി കോളജിലെ ബിബിഎ മൂന്നാം വർഷ വിദ്യാർഥിയായ രാഹുലും സുഹൃത്ത് വൈഷ്ണവും സഞ്ചരിച്ചിരുന്ന വാഹനമാണ് കത്തിയത്. കരമനയിൽ നിന്നും ഇവർ കോളജിലേക്ക് വരികയായിരുന്നു. ഈ സമയത്ത് വിളപ്പിൽശാലയെത്തിയപ്പോൾ വാഹനത്തിന്റെ രണ്ടാമത്തെ ബാറ്ററിയുടെ ഭാഗത്തുനിന്ന് പുക ഉയരുകയും ചൂട് അനുഭവപ്പെടുകയും ചെയ്തതോടെ രാഹുൽ വാഹനം റോഡിനു വശത്തേക്ക് നിർത്തുകയായിരുന്നു.
ഇതേ സമയം തന്നെ വാഹനം കത്താൻ തുടങ്ങിയതായി രാഹുൽ പറഞ്ഞു. സമീപത്തുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് തീകെടുത്താൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല തുടർന്ന് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
കാട്ടാക്കട അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഒരു യൂണിറ്റ് എത്തിയാണ് തീകെടുത്തിയത്. യുവാക്കളുടെ സമയോചിതമായ ഇടപെടൽ കാരണം മറ്റു അനിഷ്ട സംഭവം ഉണ്ടായില്ല.
തീപിടിത്തത്തിനു കാരണം അന്വേഷിക്കുന്നതായി ഫയർഫോഴ്സും പോലീസും അറിയിച്ചു.