തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു: 30പേർക്ക് പരിക്ക്
1459683
Tuesday, October 8, 2024 6:59 AM IST
നെടുമങ്ങാട്: തൊഴിലുറപ്പ് വനിത തൊഴിലാളികൾക്കു ജോലിക്കിടെ കടന്നൽ കുത്തേറ്റു. മുപ്പതു തൊഴിലാളികൾക്ക് പരിക്കുപറ്റി. ഇതിൽ അവശനിലയിലായ 11 പേർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി.
മുളയറ സ്വദേശികളായ സഹദേവൻ പിള്ള (68), രഘുവതിയമ്മ (63), എസ്തർ (58), സുമതി (58), മഞ്ജു (51), സരോജിനി (70), ഒാമന (62), സുശീല (58), സിസിലിഭായി (75), നാൻസിഭായി (75), ബീന (56) എന്നിവരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ രാവിലെ 11.30ന് അരുവിക്കര പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ കരുനെല്ലിയോട്ടെ പുരയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം.
തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ പറമ്പിലെ പുല്ലിനിടയിലെ കടന്നൽക്കൂട് മൺവെട്ടികൊണ്ട് വെട്ടിയതോടെ കടന്നലുകൾ ഇളകി. ഇതുകണ്ടു തൊഴിലാളികൾ ചിതറിയോടി. കൂടുതൽ പേർക്കും മുഖത്താണ് കുത്തേറ്റത്. 42 തൊഴിലാളികൾ ജോലി ചെയ്തതിൽ കൂടുതലും പ്രായമേറിയവരായിരുന്നു. ഒാട്ടത്തിനിടെ വീണും ചില തൊഴിലാളികൾക്ക് പരുക്കേറ്റു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ഇവരെ വെള്ളനാട് സർക്കാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശേഷിച്ചവർ വെള്ളനാട് ആശുപത്രിയിലും ചികിത്സ തേടി.