വെള്ളക്കെട്ടിൽ വലഞ്ഞ് അഞ്ചുതെങ്ങിൻമൂട് നിവാസികൾ
1459678
Tuesday, October 8, 2024 6:59 AM IST
കാട്ടാക്കട: കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്-വെള്ളമാനൂർക്കോണം റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്നു. റോഡുവക്കിലെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്നു പരാതി. യാത്രാക്കാർക്കു ദുരിതമായിട്ടും വെള്ളക്കെട്ടു മാറ്റാൻ നടപടിയെടുക്കുന്നില്ല. മഴക്കാലമായാൽ ഈ റോഡിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
നൂറോളം കുടുംബങ്ങളും എസ് സി കോളനിയിലെ ആളുകളും അങ്കണവാടിയിലേക്കു വരുന്നവരും തൂങ്ങാംപാറ പുതിയ ടൂറിസം പദ്ധതി പ്രദേശത്തേക്കു പോകാനുമൊക്കെ ആശ്രയമായുള്ള റോഡിൽ തൂവലൂർകോണം ഭാഗത്താണ് ദുരിതം. കാൽനട യാത്രയും ഇരുചക്ര വാഹന യാത്രയും ഇവിടെ സാഹസികമാണ്. കഴിഞ്ഞ മൂന്നു വർഷമായി ഈപ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട്.
എന്നിട്ടും പരിഹാരം കാണാൻ പഞ്ചായത്തോ വാർഡ് മെമ്പറോ ശ്രമിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഈ പ്രദേശത്ത് സ്വകാര്യവ്യക്തി പുരയിടം കെട്ടിയടച്ച് അശാസ്ത്രീയമായ നിർമാണം നടത്തിയതാണ് വെള്ളക്കെട്ടിനു കാരണമായത്. റോഡിലെ വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നു നാട്ടുകാർ പറയുന്നു. ചില പ്രാദേശിക നേതാക്കളുടെ ഒത്താശയോടെയാണ് സ്വകാര്യ വ്യക്തി പുരയിടത്തിൽ മണ്ണടിച്ചു അശാസ്ത്രീയ നിർമാണം നടത്തിയതെന്നും നാട്ടുകാർ പറയുന്നു. അതേസമയം വാർഡ് നവീകരണത്തിന്റെ ഭാഗമായി എസ്സി/എസ്ടി ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിപോലും ഇല്ലെന്നും ആരോപണമുണ്ട്.